ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെ പിണക്കി ജാക് മാ; പിന്നാലെയെത്തി കടുത്ത നിയന്ത്രണം

By Web TeamFirst Published Nov 18, 2020, 9:34 PM IST
Highlights

രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി ഒക്ടോബർ 24 ന് നടത്തിയ പ്രസംഗത്തിൽ ജാക് മാ വിമർശിച്ചിരുന്നു. 

ബീജിങ്: അലിബാബ ഗ്രൂപ്പിന്റെ കീഴിലുള്ള ആൻറ്റ് ഗ്രൂപ്പിന്റെ ഇനീഷ്യൽ പബ്ലിക് ഓഫറിങ് ചൈനീസ് പ്രീമിയർ ഷീ ജിൻപിങ് തടഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 37 ബില്യൺ ഡോളർ ചൈനയിലും ഹോങ്കോങിലും ലിസ്റ്റ് ചെയ്ത് നേടാനും അതുവഴി സാമ്പത്തിക സേവന സ്ഥാപനമായ ആൻറ്റ് ഗ്രൂപ്പിന്റെ വിപണി മൂലധനം 280 ബില്യൺ ഡോളറിലെത്തിക്കാനുമായിരുന്നു നീക്കം. 

രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങൾ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി ഒക്ടോബർ 24 ന് നടത്തിയ പ്രസംഗത്തിൽ ജാക് മാ വിമർശിച്ചിരുന്നു. ചൈനയുടെ സാമ്പത്തിക പ്രശ്നങ്ങളെ പുതിയ മാറ്റങ്ങളിലൂടെ പരിഹരിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം വായിച്ച ഷീ ജിൻപിങും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളും ഇതിൽ ആശ്ചര്യപ്പെട്ടതായാണ് വാർത്ത.

ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും സാമ്പത്തിക താത്പര്യങ്ങൾ മുൻനിർത്തിയാണ് ഷീ ജിൻപിങിന്റെ തന്നെ വ്യക്തിപരമായ തീരുമാനത്തോടെ ചൈനീസ് അധികൃതർ ആൻറ്റ് ഗ്രൂപ്പിന്റെ മൂലധന സമാഹരണം തടഞ്ഞത്. ഇതോടെ ജാക് മായ്ക്കും സംഘത്തിനും തങ്ങളുടെ ബിസിനസ് മാതൃക തന്നെ പൊളിച്ചുപണിയേണ്ട സ്ഥിതിയാവും. 

രാജ്യത്തെ അതിസമ്പന്നരുടെ സ്വാധീനം വളരുന്നത് ചൈനയിൽ പുതിയ പ്രശ്നമല്ല. എന്നാൽ ലോകത്തിലെ ഒന്നാമത്തെ ധനികനായാലും ശരി, ചൈനയുടെ രാജ്യതാത്പര്യങ്ങളോടുള്ള ഇവരുടെ സമീപനം ധനികരായ ശേഷം എങ്ങിനെയെന്നത് സർക്കാർ വളരെ സൂക്ഷ്മമായി നോക്കാറുണ്ട്. 

ആന്റ്റ് ഗ്രൂപ്പിന്റെ മൊബൈൽ പേമെന്റ് സിസ്റ്റമായ അലിപേ ചൈനക്കാരിൽ 70 ശതമാനം പേർ ഉപയോഗിക്കുന്നുണ്ട്. ബാങ്കുകൾ സഹായം നൽകാതെ അവഗണിച്ച കമ്പനികളെയും ചെറുകിട കച്ചവട സ്ഥാപനങ്ങളെയും ജാക് മാ കൈയ്യയച്ച് സഹായിക്കുന്നുണ്ട്. ഇതിനോടകം 20 ദശലക്ഷം ചെറുകിട ബിസിനസ് സംരംഭങ്ങൾക്ക് ജാക് മായുടെ സഹായം ലഭിച്ചു. ഏതാണ്ട് 50 കോടി വ്യക്തികൾക്കാണ് സഹായം കിട്ടിയത്. സർക്കാർ പിടിമുറുക്കിയതോടെ ആൻറ്റ് ഗ്രൂപ്പിന്റെ മൂല്യം ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

click me!