സൗദി അറേബ്യയിൽ നിന്നുളള ക്രൂഡ് ഓയിൽ ഇറക്കുമതി വർധിപ്പിച്ച് ചൈന

By Web TeamFirst Published Apr 21, 2021, 7:40 PM IST
Highlights

സൗദി അറേബ്യയിൽ നിന്നുള്ള ഷിപ്മെന്റ്സ് 7.84 ദശലക്ഷം ടണ്ണാണ്. 

ബീജിങ്: സൗദി അറേബ്യയിൽ നിന്ന് ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ വർധിച്ചു. 8.8 ശതമാനമാണ് വർധന. ചൈനയിലാകെ ഇന്ധന ഉപഭോഗം വർധിച്ചതാണ് കാരണം. യുഎഇയിൽ നിന്ന് ചൈനയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ 86 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്. ഇറാനിയൻ ബാരലുകൾ ലഭിക്കാതെ വന്നതാണ് കാരണമെന്നാണ് വിലയിരുത്തൽ.

സൗദി അറേബ്യയിൽ നിന്നുള്ള ഷിപ്മെന്റ്സ് 7.84 ദശലക്ഷം ടണ്ണാണ്. പ്രതിദിനം 1.85 ദശലക്ഷം ബാരലുകളാണ് ഇറക്കുമതി ചെയ്തതെന്ന് ചൈനയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളിലുണ്ട്. എന്നാൽ, ഫെബ്രുവരിയിൽ പ്രതിദിനം 1.94 ദശലക്ഷം ബാരലുകളാണ് ഇറക്കുമതി ചെയ്തത്. 1.7 ദശലക്ഷം ബാരലായിരുന്നു കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ ഇറക്കുമതി ചെയ്തത്.

തുടർച്ചയായ ഏഴാം മാസവും സൗദി അറേബ്യ ചൈനയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി. അതേസമയം ചൈനയിലേക്ക് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയും വർധിച്ചിട്ടുണ്ട്. ആറ് ശതമാനമാണ് വർധന. 2020 മാർച്ചിനേക്കാൾ കൂടുതലാണ് ഇറക്കുമതി. പ്രതിദിനം 1.75 ദശലക്ഷം ബാരൽ വീതമാണ് ഇക്കഴിഞ്ഞ മാർച്ചിലെ ഇറക്കുമതി. ഫെബ്രുവരിയെ അപേക്ഷിച്ച് കുറവാണിത്. ഫെബ്രുവരിയിൽ 1.91 ദശലക്ഷം ബാരൽ വീതമാണ് ഓരോ ദിവസവും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത്.

click me!