സങ്കീര്‍ണ്ണമായ ജോലികള്‍ സ്വയം ചെയ്യാന്‍ കഴിവുള്ള 'ഏജന്റിക് എഐ' വികസിപ്പിക്കാനാണ് ഇരു കമ്പനികളും ഊന്നല്‍ നല്‍കുന്നത്
ആഗോള ഐടി കമ്പനിയായ ഇന്‍ഫോസിസ്, എഐ ഗവേഷണ രംഗത്തെ പ്രമുഖരായ ആന്ത്രോപികുമായി സഹകരണത്തിന്. ടെലികോം, സാമ്പത്തിക സേവനങ്ങള്‍, ഉല്‍പാദന മേഖല, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്ക് അത്യാധുനിക എഐ സേവനങ്ങള്‍ നല്‍കുകയാണ് ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം. ആന്ത്രോപികിന്റെ അതിനൂതനമായ 'ക്ലോഡ്' എഐ മോഡലുകളും, ഇന്‍ഫോസിസിന്റെ സ്വന്തം എഐ സേവനമായ 'ടോപ്പസും' സംയോജിപ്പിച്ചാകും പുതിയ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക.
എന്താണ് നേട്ടം?
കേവലം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന സാധാരണ എഐ സംവിധാനങ്ങള്‍ക്ക് പകരം, സങ്കീര്‍ണ്ണമായ ജോലികള്‍ സ്വയം ചെയ്യാന്‍ കഴിവുള്ള 'ഏജന്റിക് എഐ' വികസിപ്പിക്കാനാണ് ഇരു കമ്പനികളും ഊന്നല്‍ നല്‍കുന്നത്. കമ്പ്യൂട്ടര്‍ കോഡുകള്‍ എഴുതാനും, പരിശോധിക്കാനും, ബാങ്കിംഗ് രേഖകള്‍ വിശകലനം ചെയ്യാനും ഇവയ്ക്ക് സ്വയം സാധിക്കും.
പ്രധാന മാറ്റങ്ങള്‍ ഈ മേഖലകളില്‍:
ടെലികോം: ഫോണ്‍/ഇന്റര്‍നെറ്റ് സേവനങ്ങളുടെ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഉപഭോക്തൃ സേവനം കൂടുതല്‍ കാര്യക്ഷമമാക്കാനും എഐ സഹായിക്കും. ഇതിനായി ടെലികോം മേഖലയ്ക്ക് മാത്രമായി പ്രത്യേക കേന്ദ്രം തുടങ്ങും.
സാമ്പത്തിക സേവനങ്ങള്‍: ബാങ്കുകളിലും മറ്റും സാമ്പത്തിക തട്ടിപ്പുകള്‍ വേഗത്തില്‍ കണ്ടുപിടിക്കാനും, ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് വിവരങ്ങള്‍ക്കനുസരിച്ച് കൃത്യമായ സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കാനും എഐ ഏജന്റുകള്‍ക്ക് സാധിക്കും.
മാനുഫാക്ചറിംഗ്: ഉല്‍പ്പന്നങ്ങളുടെ ഡിസൈനിങ്ങും പരീക്ഷണങ്ങളും വേഗത്തിലാക്കാന്‍ 'ക്ലോഡ്' സഹായിക്കും. ഇത് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്താന്‍ എടുക്കുന്ന സമയം കുറയ്ക്കും.
സോഫ്റ്റ്വെയര്‍: സോഫ്റ്റ്വെയര്‍ കോഡുകള്‍ എഴുതാനും അതിലെ തെറ്റുകള്‍ തിരുത്താനും 'ക്ലോഡ് കോഡ്' ഉപയോഗിക്കും. ഇന്‍ഫോസിസിലെ എഞ്ചിനീയര്‍മാര്‍ ഇതിനകം തന്നെ തങ്ങളുടെ ജോലികള്‍ വേഗത്തിലാക്കാന്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.
പഴയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ ആധുനിക രീതിയിലേക്ക് മാറ്റാനും ഈ സഹകരണം സഹായിക്കും.
വിദഗ്ധര്‍ പറയുന്നത്
എഐ മോഡലുകളും, യഥാര്‍ത്ഥ വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഐയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും, ആ വിടവ് നികത്താന്‍ ഇന്‍ഫോസിസിന്റെ അനുഭവസമ്പത്ത് സഹായിക്കുമെന്നും ആന്തോപ്പിക് സിഇഒ ഡാരിയോ അമോഡി പറഞ്ഞു.എഐ എന്നത് ബിസിനസ് രംഗത്തെ വെറുമൊരു മാറ്റമല്ല, മറിച്ച് വ്യവസായങ്ങളുടെ പ്രവര്‍ത്തന രീതിയെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണെന്ന് ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് അഭിപ്രായപ്പെട്ടു. ബിസിനസുകളെ കൂടുതല്‍ ബുദ്ധിപരവും സുരക്ഷിതവുമാക്കാന്‍ ഈ സഹകരണം വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
