മാന്ദ്യത്തിന്റെ തുടക്കം ചൈനയിൽ നിന്നോ? ശതകോടീശ്വരൻ ഹുയി കാ യാൻ വീണു

By Web TeamFirst Published Jan 23, 2023, 1:37 PM IST
Highlights

സമ്പത്തിന്റെ 93 ശതമാനവും നഷ്ടപ്പെട്ടു. ചൈനയിലെ  ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എവർഗ്രാൻഡെയെ രക്ഷിക്കാൻ  വീടുകളും സ്വകാര്യ വിമാനങ്ങളും അടക്കം വിൽക്കുകയാണ് ഹുയി കാ യാൻ
 

ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഹുയി കാ യാന്റെ  സമ്പത്തിന്റെ 93 ശതമാനവും നഷ്ടപ്പെട്ടു. ചൈനയിലെ  ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എവർഗ്രാൻഡെ ഗ്രൂപ്പിന്റെ ചെയർമാനാണ് ഹുയി കാ യാൻ. ചൈനീസ് സർക്കാരിന്റെ പുതിയ നയത്തെ തുടർന്ന് എവര്‍ഗ്രാന്‍ഡെ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. കമ്പനിയുടെ ബാധ്യതകൾ തീർക്കാൻ സകലതും വിറ്റുപെറുക്കിയതോടെ  ഹുയി കാ യാന്റെ ആസ്തി കുത്തനെ ഇടിഞ്ഞു. 

ശതകോടീശ്വരനായിരുന്ന ഹുയി കാ യാന്റെ സമ്പത്ത്  ഒരുകാലത്ത് 42 ബില്യൺ ഡോളറായിരുന്നു, ഇത് അദ്ദേഹത്തെ ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനാക്കി. എന്നാൽ ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഹുയി കാ യാന്റെ ആസ്തി ഇപ്പോൾ 3 ബില്യൺ ഡോളറായി കുറഞ്ഞു. 

തെക്കന്‍ ചൈനയിലെ ഗ്വാങ്‌ചോയില്‍  1996 ല്‍ ഹുയി കാ യാന്‍ സ്ഥാപിച്ച കമ്പനിയാണ് എവര്‍ഗ്രാന്‍ഡെ. നിർമ്മാണ മേഖലയിലെ സാധ്യതകളെ ഉപയോഗിക്കാൻ കമ്പനിക്ക് ആയി. ഇതോടെ ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളിൽ ഒന്നാകാൻ എവര്‍ഗ്രാന്‍ഡെയ്ക്കായി. എന്നാൽ വലിയ തുകകൾ വായ്പ എടുക്കുന്ന കുത്തക കമ്പനികളെ നിയന്ത്രിക്കാൻ ചെനീസ് സർക്കാർ പുതിയ നയം കൊണ്ടുവന്നതോടു കൂടി എവര്‍ഗ്രാന്‍ഡ ബാധ്യതകൾ തീർക്കാൻ ബുദ്ധിമുട്ടി. 300 ബില്യൺ ഡോളർ അതായത് 22 ലക്ഷം കോടിയിലേറെയാണ് എവര്‍ഗ്രാന്‍ഡെ കമ്പനിയുടെ ബാങ്ക് വായ്പ. 

തന്റെ കമ്പനിയെ രക്ഷിക്കാൻ, ഹുയി കാ യാന്‍ തന്റെ വീടുകളും സ്വകാര്യ വിമാനങ്ങളും വിൽക്കാൻ തുടങ്ങി. തന്റെ സമ്പത്ത് കുറയുന്നതിന് പുറമേ, ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിൽ (സിപിപിസിസി) നിന്നും ഹുയി രാഷ്ട്രീയമായി കൂടുതൽ ഒറ്റപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ്സിലെ ഏറ്റവും വലിയ പേരുകളും അടങ്ങുന്ന ഒരു എലൈറ്റ് ഗ്രൂപ്പാണ് സിപിപിസിസി. 

ഹുയി കാ യാന്‍ ചൈനയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടീമായ ഗ്വാങ്‌ചോ എഫ്‌സിയുടെ ഉടമയാണ്. ലോകത്തെ ഏറ്റവും വലിയ സോക്കര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണവും കമ്പനി നടത്തിവരുന്നു. റിയല്‍ എസ്റ്റേറ്റിനപ്പുറം ഹുയി കാ യാന് ധനകാര്യം, വൈദ്യുതി കാറുകള്‍, ഭക്ഷ്യവസ്തുക്കള്‍, ലഹരി പാനീയങ്ങള്‍, തീം പാര്‍ക്ക് എന്നീ ബിസിനസുകളുമുണ്ട്.  
 

click me!