ചെലവ് ചുരുക്കാൻ സ്‌പോട്ടിഫൈ; ജീവനക്കാരെ ഈ ആഴ്ച പിരിച്ചുവിടും

By Web TeamFirst Published Jan 23, 2023, 11:50 AM IST
Highlights

ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി സ്പോട്ടിഫൈയും. ചെലവ് ചുരുക്കൽ നടപടി. അടുത്ത ആഴ്ചയോടെ ജീവനക്കാരെ പുറത്താക്കും. 
 

ദില്ലി: മ്യൂസിക് സ്ട്രീമിങ് ആപ്പായ സ്‌പോട്ടിഫൈ ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു.  സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചെലവ് ചുരുക്കൽ നടപടിയായി ജീവനക്കാരെ പിരിച്ചുവിടുന്നത്. ഈ ആഴ്ച തന്നെ കമ്പനി ഇതിനായുള്ള പ്രാരംഭ നടപടികൾ തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. 

സ്‌പോട്ടിഫൈയുടെ മൊത്തം ജീവനക്കാരിൽ നിന്നും എത്ര ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ സ്‌പോട്ടിഫൈ അതിന്റെ പോഡ്‌കാസ്റ്റ് സ്റ്റുഡിയോകളിൽ നിന്ന് 38 പേരെയും സെപ്റ്റംബറിൽ പോഡ്‌കാസ്റ്റ് എഡിറ്റോറിയൽ ജീവനക്കാരെയും പിരിച്ചുവിട്ടു. മൂന്നാം പാദ വരുമാന റിപ്പോർട്ട് അനുസരിച്ച് കമ്പനിക്ക് ഏകദേശം 9,800 ജീവനക്കാരുണ്ട്.

2019 മുതൽ പോഡ്‌കാസ്റ്റിംഗിനായി കമ്പനി പുതിയ കരാറുകൾ ഉണ്ടാക്കിയിരുന്നു.  ജോ റോഗൻ എക്‌സ്പീരിയൻസ്, ആംചെയർ എക്‌സ്‌പെർട്ട് തുടങ്ങിയ ജനപ്രിയ ഷോകളുടെ അവകാശങ്ങൾ ഏറ്റെടുക്കുന്നതിന് സ്‌പോട്ടിഫൈ ഒരു ബില്യൺ ഡോളറിലധികം ചെലവഴിച്ചു. എന്നാൽ നിക്ഷേപകർ ആശങ്കയുയത്തിയതിനാൽ  കഴിഞ്ഞ വർഷം സ്‌പോട്ടിഫൈയുടെ ഓഹരികൾ 66% ശതമാനം ഇടിഞ്ഞു. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അതിന്റെ പോഡ്‌കാസ്റ്റ് ബിസിനസ് ലാഭകരമാകുമെന്ന് സ്‌പോട്ടിഫൈ എക്‌സിക്യൂട്ടീവുകൾ ജൂണിൽ പറഞ്ഞിരുന്നു.

സ്വീഡനിലെ സ്റ്റോക്ക്ഹോമിലാണ് സ്പോട്ടിഫൈയുടെ ആസ്ഥാനം. 2018 ഫെബ്രുവരി മുതൽ  സ്പോട്ടിഫൈ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 

മെറ്റാ, ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ട്വിറ്റർ തുടങ്ങിയ വൻകിട കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കയാണ്. ഇനിയും പിരിച്ചു വിടലുകൾ തുടരാനാണ് സാധ്യത. സാമ്പത്തിക മാന്ദ്യം കണക്കുമ്പോൾ കൂടുതൽ പേർ വിവിധ കമ്പനികളിൽ നിന്നായി പുറത്തേക്ക് പോകും. നിലവിലെ ആഗോള തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനികളെ പിരിച്ചുവിടലിലേക്ക് നയിക്കുന്നത്. 

click me!