
ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികള്‍ക്ക് വന്‍ തിരിച്ചടി. ബജറ്റ് ഫോണുകളുടെ വില വര്‍ധിച്ചതോടെ ആവശ്യക്കാര്‍ കുറഞ്ഞതാണ് പ്രധാന കാരണം. ഇതോടെ ചൈനീസ് ബ്രാന്‍ഡുകളുടെ മൊത്തത്തിലുള്ള വിപണി വിഹിതം 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായി. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ പുതിയ കണക്കുകള്‍ പ്രകാരം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ 10 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്.
സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഫോണുകള്‍ ഇറക്കുന്ന ഒപ്പോ, വിവോ, ഷവോമി, റിയല്‍മി, വണ്‍പ്ലസ്, ഐക്യുഒ, പോക്കോ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ക്കാണ് വിപണി വിഹിതം വലിയ തോതില്‍ നഷ്ടപ്പെട്ടത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന റാം, നാന്‍ഡ് മെമ്മറികളുടെ വിലയിലുണ്ടായ വന്‍ വര്‍ധനവാണ് ഫോണുകളുടെ വില കൂടുവാന്‍ പ്രധാന കാരണം. വിലക്കയറ്റവും പണപ്പെരുപ്പവും കാരണം മികച്ച ഇഎംഐ ഓഫറുകള്‍ ഉണ്ടായിട്ടും ആളുകള്‍ പുതിയ ഫോണ്‍ വാങ്ങുന്നതില്‍ നിന്ന് പിന്നോട്ട് പോയി. 2025 സെപ്തംബര്‍ മുതല്‍ മെമ്മറികളുടെ വില നാലിരട്ടിയോളമാണ് വര്‍ദ്ധിച്ചതെന്നും വരും മാസങ്ങളില്‍ ഇത് അഞ്ചിരട്ടിയായി ഉയരാന്‍ സാധ്യതയുണ്ടെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് അറിയിച്ചു. അതിനാല്‍ ഈ വര്‍ഷം മുഴുവന്‍ വിപണിയില്‍ പ്രതിസന്ധി തുടരുമെന്നും വാര്‍ഷിക വില്‍പ്പനയില്‍ 13 ശതമാനത്തോളം ഇടിവുണ്ടാകുമെന്നുമാണ് കണക്കാക്കുന്നത്.
വിപണിയിലെ ആവശ്യക്കാരില്ലായ്മയും വിതരണത്തിലെ പ്രശ്‌നങ്ങളും വലിയ തിരിച്ചടിയായി. മിക്ക പ്രമുഖ ബ്രാന്‍ഡുകളും പലതവണ വില വര്‍ദ്ധിപ്പിച്ചതോടെ ജൂണ്‍ പാദത്തിന്റെ അവസാനത്തില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി വിലയില്‍ 15 ശതമാനത്തോളം വര്‍ധനവാണുണ്ടായത്. 15,000 രൂപയില്‍ താഴെയുള്ള ബജറ്റ് ഫോണ്‍ വിപണിയെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ വിഭാഗത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനമാണ് വില്‍പ്പന ഇടിഞ്ഞത്.
പൊതുവെ വിപണി ഇടിഞ്ഞെങ്കിലും വില കൂടിയ പ്രീമിയം ഫോണുകളെ ഈ തകര്‍ച്ച കാര്യമായി ബാധിച്ചിട്ടില്ല. എളുപ്പത്തില്‍ ലഭ്യമായ ഫിനാന്‍സിങ് സൗകര്യങ്ങള്‍ ആണ് ഇതിന് കാരണം. ഓഫ്ലൈന്‍ കടകള്‍ വഴിയുള്ള സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയുടെ പകുതിയിലധികവും എന്‍ബിഎഫ്സികള്‍ അല്ലെങ്കില്‍ ഇഎംഐ സ്‌കീമുകള്‍ വഴിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വില്‍പ്പന കുറഞ്ഞെങ്കിലും 18 ശതമാനം വിപണി വിഹിതവുമായി വിവോ തന്നെയാണ് ഒന്നാം സ്ഥാനത്ത്. വില വര്‍ദ്ധനവ് കാരണം ഇവരുടെ വൈ, ടി ബജറ്റ് മോഡലുകളുടെ വില്‍പന ഇടിഞ്ഞിരുന്നു. സാംസങ് മുന്‍നിരയിലുള്ള അഞ്ച് കമ്പനികളില്‍ വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ഒരേയൊരു കമ്പനി സാംസങ് ആണ്. ഗാലക്സി എ, ഫ്‌ലാഗ്ഷിപ്പ് എസ്) സീരീസ് ഫോണുകളുടെ മികച്ച ഡിമാന്‍ഡിന്റെ പിന്‍ബലത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2 ശതമാനം വളര്‍ച്ച ഇവര്‍ നേടി.
ഒപ്പോ, ഷവോമി, റിയല്‍മി: 14 ശതമാനം വിപണി വിഹിതവുമായി ഒപ്പോ മൂന്നാം സ്ഥാനത്തുണ്ട്. വില വര്‍ദ്ധനവ് കാരണം വില്‍പ്പന ഇടിഞ്ഞെങ്കിലും ഷവോമിയും (പോക്കോ ഉള്‍പ്പെടെ), റിയല്‍മിയും ആദ്യ അഞ്ചില്‍ ഇടംനേടി. പുതിയ ഐഫോണ്‍ 17 സീരീസിന് ആവശ്യക്കാര്‍ ഏറെയുണ്ടായിട്ടും വിതരണത്തിലെ തടസങ്ങള്‍ കാരണം ആപ്പിളിന്റെ വില്‍പ്പനയില്‍ 3 ശതമാനം ഇടിവുണ്ടായി.