All India Bank Strike : ബാങ്ക് സമരം: 38 ലക്ഷം ചെക്കുകൾ കെട്ടിക്കിടക്കുന്നു

By Web TeamFirst Published Dec 17, 2021, 5:15 PM IST
Highlights

ചെന്നൈയിലും ദില്ലിയിലും മുംബൈയിലുമാണ് ചെക്ക് ക്ലിയറിങ് സെന്ററുകളുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളിലായ 38 ലക്ഷം ചെക്കുകളാണ് ഇവിടെ എത്തി ക്ലിയറിങ് കാത്തിരിക്കുന്നത്

ദില്ലി: ബാങ്ക് ജീവനക്കാർ ദ്വിദിന പണിമുടക്കിലേക്ക് നീങ്ങിയതോടെ രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലായി 38 ലക്ഷം ചെക്കുകളാണ് കെട്ടിക്കിടക്കുന്നത്. 37000 കോടി രൂപയുടെ മൂല്യമുള്ളതാണ് ഈ ചെക്കുകൾ എന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു.

ചെന്നൈയിലും ദില്ലിയിലും മുംബൈയിലുമാണ് ചെക്ക് ക്ലിയറിങ് സെന്ററുകളുള്ളത്. വ്യാഴം, വെള്ളി ദിവസങ്ങളിലായ 38 ലക്ഷം ചെക്കുകളാണ് ഇവിടെ എത്തി ക്ലിയറിങ് കാത്തിരിക്കുന്നത്. ചെന്നൈയിൽ മാത്രം 10600 കോടി രൂപ മൂല്യം വരുന്ന 10 ലക്ഷം ചെക്കുകളുണ്ട്. മുംബൈയിൽ 15400 കോടിയുടെ 18 ലക്ഷം ചെക്കുകൾ, ദില്ലിയിൽ 11000 കോടി രൂപയുടെ 11 ലക്ഷം ചെക്കുകളുമാണ് നടപടി കാത്തുകിടക്കുന്നത്.

സമരത്തെ തുടർന്ന് രാജ്യത്തെ ഒരു ലക്ഷത്തോളം ബാങ്ക് ബ്രാഞ്ചുകളാണ് അടഞ്ഞുകിടന്നത്. സീനിയർ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള മറ്റ് ചില ബ്രാഞ്ചുകൾ തുറന്നെങ്കിലും ജീവനക്കാർ പണിമുടക്കിലായത് ഇവരെ ബാധിച്ചു.

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യ വത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിരോധിക്കാനാണ് വിവിധ ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സമരം ചെയ്യുന്നത്. ബാങ്കിങ് നിയമ ഭേദഗതി ബിൽ 2021 പാർലമെന്റിന്റെ നടപ്പ് സമ്മേളന കാലത്ത് തന്നെ സഭയിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.

click me!