ഏത് വസ്ത്രമെടുത്താലും വില ഒരു രൂപ മാത്രം! തുണിക്കട വമ്പൻ ഹിറ്റ്

By Web TeamFirst Published Oct 30, 2021, 2:10 PM IST
Highlights

സെപ്തംബർ 12 നാണ് ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ലവകുശ ലേ ഔട്ടിൽ ഒരു തുണിക്കട തുടങ്ങിയത്. ഞായറാഴ്ച മാത്രം തുറക്കുന്നതാണ് ഈ കട

ബെംഗളൂരു: നിർധനരും നിരാലംബരുമായ മനുഷ്യരെ സഹായിക്കാൻ സന്നദ്ധമാകുന്നവർ നാട്ടിൽ ഒരുപാടുണ്ട്. എന്നാൽ അവരാരും ചിന്തിക്കാത്ത വേറിട്ടൊരു വഴിയിലൂടെയാണ് ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ (Electronic City Bengaluru) നാല് സുഹൃത്തുക്കളുടെ സഞ്ചാരം. പാവപ്പെട്ടവർക്കായി ഇവർ തുടങ്ങിയ ക്ലോത്ത് ബാങ്ക് (Clothes Bank) ഇപ്പോൾ വമ്പൻ ഹിറ്റാണ്. ഇവിടെ നിർധനരായ ആർക്കും ഏത് വസ്ത്രവും ഒരു രൂപ വിലയിൽ കിട്ടും.

സെപ്തംബർ 12 നാണ് ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ലവകുശ ലേ ഔട്ടിൽ ഒരു തുണിക്കട തുടങ്ങിയത്. ഞായറാഴ്ച മാത്രം തുറക്കുന്ന ഈ കട മെലിഷ നൊറോഞ്ഞ, വിനോദ് പ്രേം ലോബോ, നിതിൻ കുമാർ, വിഗ്നേഷ് എന്നീ നാല് സുഹൃത്തുക്കളുടെ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി ഉയർന്ന ആശയമായിരുന്നു.

സമൂഹത്തിൽ അവഗണിക്കപ്പെടുന്ന ദരിദ്രരായവർക്ക് വൃത്തിയുള്ള വസ്ത്രങ്ങൾ ലഭ്യമാക്കുകയെന്നതായിരുന്നു ഇവരുടെ ലക്ഷ്യം. മംഗളൂരു സെന്റ് അലോഷ്യസ് കോളേജിലെ (St Aloysious College) പഠന കാലത്ത് തന്നെ ഈ നാൽവർ സംഘം കോളേജ് വിദ്യാർത്ഥികളിൽ നിന്ന് തുണികൾ ശേഖരിച്ച് ദരിദ്രരായവർക്ക് കൈമാറിയിരുന്നു. പിന്നീട് ജോലി നേടി പലവഴിക്ക് പിരിഞ്ഞ ഇവർ നീണ്ട 19 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒത്തുചേർന്നത്.

ഷർട്ടുകൾ, പാന്റുകൾ, സ്കർട്ടുകൾ, സാരികൾ, ജാക്കറ്റുകൾ, കുട്ടികളുടെ വസ്ത്രങ്ങളെല്ലാം ഈ കടയിൽ ലഭ്യമാണ്. പ്രായത്തിനും വലിപ്പത്തിനും അനുസരിച്ച് തുണികൾ അടുക്കിവെക്കാൻ കടയിൽ രണ്ട് ജീവനക്കാരുമുണ്ട്. ഇവിടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വസ്ത്രങ്ങൾ ദരിദ്ര കുടുംബങ്ങളുടെ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമായാണ് ചിലവഴിക്കുന്നത്. തുണിക്കടയ്ക്ക് മികച്ച പ്രതികരണവും പിന്തുണയും ലഭിച്ചതോടെ നവംബർ 14 ന് ഒരു കളിപ്പാട്ട കട കൂടി തുറക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട് ഈ സംഘം. 

click me!