കൽക്കരി കുംഭകോണം: അദാനി എന്റർപ്രൈസസിന്റെ പങ്ക് അന്വേഷിക്കാൻ സിബിഐയോട് ഉത്തരവിട്ട് കോടതി

By Web TeamFirst Published Jan 7, 2023, 4:54 PM IST
Highlights

ജാരിയ കൽക്കരിപ്പാടങ്ങളിലെ ലേലക്കാരെ തിരഞ്ഞെടുത്തതിനെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് നിർദ്ദേശം നൽകി കോടതി. അദാനി എന്റർപ്രൈസസിന്റെ പങ്കിൽ കൂടുതൽ അന്വേഷണം ഉണ്ടാകും 
 

ദില്ലി: കൽക്കരി കുംഭകോണ കേസിൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി. 2012ൽ ജാർഖണ്ഡിലെ കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ അദാനി എന്റർപ്രൈസസ്, എഎംആർ ഇന്ത്യ, ലാങ്കോ ഇൻഫ്രാടെക് എന്നീ കമ്പനികളുടെ പങ്കിനെക്കുറിച്ച് സിബിഐ കൂടുതൽ അന്വേഷണം നടത്തണമെന്ന് വിചാരണ നടത്തുന്ന പ്രത്യേക കോടതി ഉത്തരവിട്ടു. 

ഒരു കമ്പനിയും മതിയായ രേഖകൾ സമർപ്പിച്ചിട്ടില്ലെന്ന് കൽക്കരി മന്ത്രാലയത്തിന്റെ സാങ്കേതിക മൂല്യനിർണ്ണയ സമിതി ചൂണ്ടിക്കാണിച്ചതിന് ശേഷവും പ്രത്യേക ജഡ്ജി അരുൺ ഭരദ്വാജ് തന്റെ 10 പേജുള്ള ഉത്തരവിൽ മൂന്ന് കമ്പനികളുടെ ഓരോ നിയമലംഘനങ്ങളും വിശദീകരിച്ചു. ജാരിയ കൽക്കരിപ്പാടങ്ങളുടെ ലേലത്തിൽ വിജയികളായ ലാങ്കോ ഇൻഫ്രാടെക്കിൽ മാത്രമാണ് തങ്ങളുടെ അന്വേഷണം നടത്തിയതെന്ന സിബിഐയുടെ മുൻ മറുപടി കോടതി നിരസിച്ചു. ഏപ്രിൽ 15-നകം റിപ്പോർട്ട് സമർപ്പിക്കാൻ ജഡ്ജി അരുൺ ഭരദ്വാജ് സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

മൂന്ന് കമ്പനികളും തങ്ങളുടെ യോഗ്യത അവകാശപ്പെടുന്നതിന് അസൽ രേഖകൾക്ക് പകരം ചാർട്ടേഡ് അക്കൗണ്ടന്റുകളുടെയും ഓഡിറ്റർമാരുടെയും സർട്ടിഫിക്കറ്റുകൾ മാത്രമാണ് സമർപ്പിച്ചതെന്ന് സാങ്കേതിക മൂല്യനിർണ്ണയ സമിതി കണ്ടെത്തിയെങ്കിലും ടെൻഡർ കമ്മിറ്റി സാങ്കേതിക മൂല്യനിർണ്ണയ സമിതിയുടെ എല്ലാ കണ്ടെത്തലുകളും അവഗണിച്ചു.

സാങ്കേതിക മൂല്യനിർണ്ണയ സമിതി അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് അർഹതയില്ല എന്ന നിഗമനത്തിൽ എത്തിയിട്ടും ടെൻഡർ കമ്മിറ്റി അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ ടെൻഡർ യോഗ്യമാണെന്ന് പ്രഖ്യാപിച്ചു.അധികാരികൾക്ക് സമർപ്പിച്ച നിവേദനങ്ങളുടെ പകർപ്പുകളുടെ അഭാവത്തിൽ പോലും അനുകൂല നടപടി ഉണ്ടായത് അന്വേഷണത്തിന് വിധേയമാകും. ടെൻഡർ കമ്മിറ്റിയുടെ ഭാഗത്തു നിന്നും അദാനി എന്റർപ്രൈസസിനോടുള്ള അനാവശ്യമായ പ്രീതി പരിശോധിക്കും. അദാനി എന്റർപ്രൈസസിന്റെ അപൂർണ്ണമായ അപേക്ഷകളെ കുറിച്ച് കൂടുതൽ അന്വേഷണം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 
 


 

click me!