
തിരക്കേറിയ ജീവിതത്തില്‍ ഒരു കപ്പ് കാപ്പി ഇല്ലാത്ത ദിവസത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പലര്‍ക്കും കഴിയില്ല. ജോലിത്തിരക്കുകള്‍ക്കിടയിലെ ആശ്വാസമായാലും, അവധി ദിവസങ്ങളില്‍ കോഫി ഷോപ്പുകളില്‍ നിന്നുള്ള കാപ്പിയുടെ കൊതിയൂറുന്ന മണമായാലും കാപ്പി ഒരു വികാരം തന്നെയാണ്. എന്നാല്‍ കാപ്പി പ്രേമികളെ സംബന്ധിച്ച് ഒരു പ്രധാന ചോദ്യമിതാണ്. കാപ്പിയുടെ വില ഇനി കൂടുമോ?
നിലവില്‍ കാപ്പി വിപണിയില്‍ നിന്ന് ആശ്വാസകരമായ വാര്‍ത്തകളാണ് വരുന്നത്. റോബസ്റ്റ കാപ്പിക്കുരുവിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നിന്നും ഇപ്പോള്‍ 35 ശതമാനത്തോളം താഴേക്ക് വന്നിട്ടുണ്ട്. എങ്കിലും കഴിഞ്ഞ 20 വര്‍ഷത്തെ ശരാശരി വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വില ഇപ്പോഴും 20 ശതമാനത്തിന് മുകളില്‍ തന്നെയാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാപ്പിയുടെ വിലയില്‍ ഇനിയും മാറ്റങ്ങള്‍ വരുത്തിയേക്കാമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
മുന്‍കാലങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞെങ്കിലും, 20 വര്‍ഷത്തെ ശരാശരിയെടുത്താല്‍ ഇപ്പോഴും വില 70 ശതമാനത്തോളം മുകളിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി വിലയില്‍ വലിയ മാറ്റങ്ങളില്ല. വില ഇപ്പോള്‍ ഒരു പരിധി വരെ സ്ഥിരത കൈവരിച്ചിട്ടുണ്ട്. എന്നാല്‍, ബ്രസീലിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കാപ്പിയുടെ വിലയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അവിടെ കാലാവസ്ഥ മോശമാവുകയും അത് കൃഷിയെ ബാധിക്കുകയും ചെയ്താല്‍, കാപ്പിയുടെ വില വീണ്ടും നേരിയ തോതില്‍ ഉയര്‍ന്നേക്കാം.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനത്തിലധികവും വിദേശരാജ്യങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. ഇതില്‍ 70 ശതമാനവും വാങ്ങുന്നത് യൂറോപ്യന്‍ വിപണിയാണ്. ഇന്ത്യന്‍ കാപ്പിക്കുരു ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യം ഇറ്റലിയാണ്. ബെല്‍ജിയം, റഷ്യ എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് പ്രധാന രാജ്യങ്ങള്‍. കൂടാതെ മിഡില്‍ ഈസ്റ്റിലും വലിയ വിപണിയുണ്ട്.