വാറന്റി കാലയളവില്‍ അമിത ചൂടും ക്യാമറ തകരാറും, ആപ്പിള്‍ കമ്പനിക്ക് ഉപഭോക്തൃ കോടതിയുടെ കനത്ത പ്രഹരം; 1,09,250 രൂപ നഷ്ട പരിഹാരത്തിന് വിധി

Published : Aug 27, 2026, 12:20 PM IST
iPhone 14 Pro

Synopsis

വാറന്റി കാലയളവില്‍ തുടര്‍ച്ചയായി തകരാറിലായ ഐഫോണ്‍ 14 പ്ലസിന്റെ വിലയും നഷ്ടപരിഹാരവും ഉള്‍പ്പെടെ 1,09,250 രൂപ നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. സേവനത്തിലെ വീഴ്ചയും അന്യായമായ വ്യാപാര രീതിയും ചൂണ്ടിക്കാട്ടിയാണ് തിരൂരിലെ ഉപഭോക്താവ് നല്‍കിയ പരാതിയില്‍ കമ്മീഷന്റെ സുപ്രധാന വിധി.

മലപ്പുറം: വാറന്റി കാലയളവില്‍ ആവര്‍ത്തിച്ച് തകരാറുകള്‍ നേരിട്ട ഐഫോണ്‍ 14 പ്ലസിന്റെ വിലയും നഷ്ടപരിഹാരവും കേസ് നടത്തിപ്പ് ചെലവും ഉള്‍പ്പെടെ 1,09,250 രൂപ പരാതിക്കാരന് നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. തിരൂര്‍ തണ്ടശ്ശേരി വീട്ടില്‍ ടി. ഫൈസല്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ പ്രസക്തമായ ഈ നടപടി. 2023 സെപ്റ്റംബര്‍ 13-നാണ് പരാതിക്കാരന്‍ മകന്റെ ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി 89,900 രൂപയുടെ ഫോണും ചാര്‍ജറുമടക്കം 92,250 രൂപ ചെലവഴിച്ച് ഐഫോണ്‍ വാങ്ങുന്നത്.

എന്നാല്‍ വാങ്ങിയതിന് പിന്നാലെ ഫോണ്‍ അമിതമായി ചൂടാവുകയും ക്യാമറ പ്രവര്‍ത്തിക്കാതാവുകയും ചെയ്തു. തുടര്‍ന്ന് പലതവണ അംഗീകൃത സര്‍വീസ് സെന്ററില്‍ നല്‍കി നന്നാക്കാന്‍ ശ്രമിച്ചെങ്കിലും തകരാറുകള്‍ പരിഹരിക്കാനായില്ല. കേസില്‍ സമര്‍പ്പിച്ച രേഖകളും വിദഗ്ദ്ധ കമ്മീഷന്റെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ച്ചയായ തകരാറുകള്‍ക്ക് സ്ഥിരമായ പരിഹാരം നല്‍കുന്നതില്‍ പരാജയപ്പെട്ടത് സേവനത്തിലെ വീഴ്ചയും അന്യായമായ വ്യാപാര രീതിയുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഫോണിന്റെയും അനുബന്ധ സാമഗ്രികളുടെയും വിലയായ 92,250 രൂപ ആപ്പിള്‍ കമ്പനി തിരികെ നല്‍കണം. കൂടാതെ, അനുഭവിച്ച മാനസിക വിഷമത്തിന് 10,000 രൂപയും കോടതി ചെലവായി 7,000 രൂപയും സര്‍വീസ് സെന്ററുമായി ചേര്‍ന്ന് പരാതിക്കാരന് നല്‍കാനും ഉത്തരവിട്ടു. 45 ദിവസത്തിനകം ഉത്തരവ് പാലിച്ചില്ലെങ്കില്‍ ഒന്‍പത് ശതമാനം വാര്‍ഷിക പലിശ ഈടാക്കുമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ആഴക്കടലിലെ 'നിധി' തേടാന്‍ ഇന്ത്യ; മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു
ഈ അക്കൗണ്ടുള്ളവ‍‌ർക്ക് മാസം 4 തവണ മാത്രം സൗജന്യമായി പണം പിന്‍വലിക്കാം; എസ്ബിഐ അക്കൗണ്ട് നിയമങ്ങളിൽ മാറ്റം