കോവിഡ് 19: ആഗോള ഓഹരി വിപണികളില്‍ തളര്‍ച്ച, കുതിച്ചു കയറി സ്വര്‍ണവില

Published : Feb 24, 2020, 06:18 PM IST
കോവിഡ് 19: ആഗോള ഓഹരി വിപണികളില്‍ തളര്‍ച്ച, കുതിച്ചു കയറി സ്വര്‍ണവില

Synopsis

മുൻനിര ഇലക്ട്രോണിക് കമ്പനികളുടെ ആസ്ഥാനമായ കൊറിയയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം കൂടിയതോടെ ഓഹരി വിപണികള്‍ കൂപ്പുകുത്തി. ഓഹരി വിപണിയിൽ നിന്നും കൂടുതൽ നിക്ഷേപം സ്വർണ്ണത്തിലേക്ക് ഒഴുകിയതോടെ സ്വര്‍ണവില കുതിച്ചു കേറുകയാണ്. 

മുംബൈ: കോവിഡ് 19 രോഗബാധ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നുവെന്ന ആശങ്കയിൽ ആഗോള ഓഹരി വിപണികളിൽ വൻ നഷ്ടം. ഇന്ത്യൻ വിപണിയിൽ സെൻസെക്സ് 806 പോയിന്‍റോളം ഇടിഞ്ഞാണ് വ്യാപാരം അവസാനിച്ചത്.ഇതിനിടെ റെക്കോർഡുകൾ ഭേദിച്ച് സ്വർണ്ണവില സംസ്ഥാനത്ത് പവന് 32,000 രൂപയിലെത്തി.

ദക്ഷിണ കൊറിയയിൽ കോവിഡ് 19 രോഗബാധിതരുടെ എണ്ണം 763 ആയത് കൊറിയൻ സർക്കാർ ഔദ്യോഗികമായി പുറത്ത് വിട്ടതാണ് വിപണിയിൽ തിരിച്ചടിയായത്. ഇതോടെ രോഗബാധിതരുടെ എണ്ണത്തിൽ ചൈനക്ക് തൊട്ട് പിറകിലായി ദക്ഷിണ കൊറിയ. മുൻനിര ഇലക്ട്രോണിക് കമ്പനികളുടെ സിരാകേന്ദ്രമായ കൊറിയയിലും കോവിഡ് 19 ബാധിതരുടെ എണ്ണം കൂടിയതോടെ ഓഹരി വിപണി കൂപ്പുകുത്തി.ആഗോള ഓഹരി വിപണികളിലെ നഷ്ടത്തിന്‍റെ ചുവട് പിടിച്ച് ഇന്ത്യൻ വിപണിയിൽ 806 പോയിന്‍റോളം നഷ്ടത്തിൽ 40,363 ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. 

നിഫ്റ്റിയും 251 പോയിന്‍റോളം കുറഞ്ഞു. ചൈനയിൽ രോഗബാധിതരുടെ എണ്ണം കൂടിയതും,കൂടുതൽ രാജ്യങ്ങളിലേക്ക് കോവിഡ് 19 വൈറസ് എത്തിയതിനെയും തുടർന്ന് രണ്ടാഴ്ചയിലധികമായി ആഗോള വിപണി സാരമായ നഷ്ടം നേരിടുകയായിരുന്നു. തുടർന്ന് ഓഹരി വിപണിയിൽ നിന്നും കൂടുതൽ നിക്ഷേപം സ്വർണ്ണത്തിലേക്ക് ഒഴുകുകയാണ്.

 ഇതോടെ സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡുകൾ ഭേദിച്ച് ഗ്രാമിന് 4000 രൂപയിലെത്തി. പവന് 32,000രൂപ.ഓഹരി വിപണിയിൽ നഷ്ടം തുടരുന്നതോടെ സുരക്ഷിതനിക്ഷേപമായി സ്വർണ്ണം തെരഞ്ഞെടുക്കുന്നതാണ് വില കൂടാൻ കാരണം. രണ്ടാഴ്ചക്കിടെ പവന് 1800 രൂപയാണ് കൂടിയത്. രൂപയുടെ മൂല്യം ഡോളറിനെതിരെ എഴുപത് രൂപക്ക് മുകളിൽ തുടരുന്നതും വില ഉയർന്ന് നിൽക്കാൻ കാരണമായി.

PREV
click me!

Recommended Stories

ഇൻഡി​ഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് വില കുറയും, ഇടപെട്ട് സർക്കാർ; നിരക്ക് കുറയ്ക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?