ലോക്ക് ഡൗൺ: വ്യാപാരമേഖല കടുത്ത പ്രതിസന്ധിയിൽ, കെട്ടിക്കിടക്കുന്നത് അര ലക്ഷം കോടിയുടെ സ്റ്റോക്ക്

By Web TeamFirst Published Apr 14, 2020, 1:43 PM IST
Highlights

കുറഞ്ഞ വിലക്കെങ്കിലും സ്റ്റോക്ക് വിറ്റഴിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കണമെന്നാണ് വ്യാപാരികളുടെ അഭ്യര്‍ത്ഥന.

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീട്ടിയതോടെ സംസ്ഥാനത്തെ വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. അര ലക്ഷം കോടിയോളം രൂപയുടെ സ്റ്റോക്കാണ് കേരളത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലായി കെട്ടിക്കിടക്കുന്നത്. കുറഞ്ഞ വിലക്കെങ്കിലും സ്റ്റോക്ക് വിറ്റഴിക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കണമെന്നാണ് വ്യാപാരികളുടെ അഭ്യര്‍ത്ഥന

മാര്‍ച്ച് 25ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കാര്യമായ ഇളവുകള്‍ പ്രതീക്ഷിച്ചിരുന്ന കേരളത്തിലെ വ്യാപാര മേഖലയ്ക്ക് പ്രധാന മന്ത്രിയുടെ പ്രഖ്യാപനം ഉള്‍ക്കൊളളാനായിട്ടില്ല. ഈസ്റ്റര്‍, വിഷു സീസണ്‍ പ്രമാണിച്ച് ഒട്ടുമിക്ക കടകളിലും ഒരു മാസം മുമ്പേ തന്നെ കൂടുതലായി സ്റ്റോക്ക് എത്തിയിരുന്നു. എന്നാല്‍ 95 ശതമാനം സ്റ്റോക്കും ഇപ്പോഴും കടകളില്‍ കെെട്ടിക്കിടക്കുകയാണ്. വ്യാപാരികളുടെ നിക്ഷേപമത്രയും സ്റ്റോക്കിലാണെന്നിരിക്കെ ഇവ നശിച്ചുപോകുന്നത് ഈ മേഖലയുടെ അടിത്തറയിളക്കും.

പ്രളയകാലത്ത് കേരളത്തില്‍ പലയിടത്തും വ്യാപാര സ്ഥാപനങ്ങളിലെ സ്റ്റോക്ക് വന്‍ തോതില്‍ നശിച്ചെങ്കിലും പലര്‍ക്കും ഇന്‍ഷൂറന്‍സ് തുണയായി. എന്നാല്‍ സ്റ്റോക്ക് വില്‍ക്കാനാകാതെ നശിക്കുന്നതിന് ഇന്‍ഷൂറന്‍സ് പരിരക്ഷ കിട്ടാന്‍ സാധ്യതയില്ല. മാത്രമല്ല, വന്‍ തോതില്‍ നികുതി നല്‍കി വാങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഓരോ കടകളിലും ഉളളത്. ഇവ വില്‍ക്കാനായില്ലെങ്കില്‍ ഇവയുടെ മേലുളള ഇന്‍പുട്ട് ക്രെഡിറ്റ് ഉപയോഗിക്കാനും വ്യാപാരികള്‍ക്കാകില്ല. കൂടാതെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വന്‍ തോതില്‍ ഓവര്‍ഡ്രാഫ്റ്റ് എടുത്ത് വ്യാപാരം നടത്തുന്നവര്‍ക്ക് കുമിഞ്ഞുകൂടുന്ന പലിശയും ബാധ്യതയാകും. ചരുക്കത്തില്‍ കേരളത്തിലെ വ്യാപാര മേഖലയുടെ പ്രവര്‍ത്തന മൂലധനമാണ് ലോക്ക് ഡൗണില്‍ നിശ്ചലമായിക്കിടക്കുന്നത്.

click me!