പശ്ചിമേഷ്യൻ യുദ്ധം കാരണം രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുകയാണ്. ഇത് പണപ്പെരുപ്പം ഉയർത്തുകയും ഹോട്ടലുകൾ ഉൾപ്പെടെയുള്ള പല മേഖലകളെയും പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട്. വിലക്കയറ്റം തുടർന്നാൽ സമ്പദ്‌വ്യവസ്ഥ 'സ്റ്റാഗ്ഫ്‌ലേഷന്‍' എന്ന അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പശ്ചിമേഷ്യൻ യുദ്ധം മൂലമുള്ള തടസങ്ങളെ തുടര്‍ന്ന് രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകള്‍ക്കുള്ള കടുത്ത ക്ഷാമം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും സാരമായി ബാധിക്കുകയാണ്. പണപ്പെരുപ്പം ഉയരുമെന്നും പല മേഖലകളിലും ഉല്‍പ്പാദനം കുറയുമെന്നുമാണ് ആശങ്ക. ബ്ലൂംബെര്‍ഗ് സര്‍വേ പ്രകാരം ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക് ജനുവരിയിലെ 2.75 ശതമാനത്തില്‍ നിന്ന് 3.14 ശതമാനമായി ഉയര്‍ന്നു. റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ 2%-6% പരിധിക്കുള്ളിലാണെങ്കിലും, ഇന്ധന വിലയിലെ ചാഞ്ചാട്ടം വരും മാസങ്ങളില്‍ പ്രതിഫലിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാര്‍ച്ച് മാസത്തിലെ ഉപഭോക്തൃ വില സൂചികയില്‍ ഈ വിലക്കയറ്റം പ്രതിഫലിക്കും. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം ഏറെക്കുറെ നിലച്ച മട്ടാണ്. ഇതോടെ പാചകവാതകത്തെ ആശ്രയിക്കുന്ന രാജ്യത്തെ 30 കോടിയോളം വരുന്ന കുടുംബങ്ങള്‍ ആശങ്കയിലാണ്.

പൊള്ളുന്ന വില

ഒരു വര്‍ഷത്തിന് ശേഷം ശനിയാഴ്ച ഗാര്‍ഹിക പാചകവാതക വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. മധ്യവര്‍ഗ കുടുംബങ്ങള്‍ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറിനുള്ള വില 7 ശതമാനം വര്‍ധിപ്പിച്ച് 913 രൂപയാക്കി. 300 രൂപ സബ്‌സിഡി ലഭിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 11 ശതമാനമാണ് വില വര്‍ധിച്ചത്. എല്ലാ മാസവും ആദ്യം വില പുതുക്കുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് മാര്‍ച്ചില്‍ മാത്രം രണ്ടുതവണയാണ് വില കൂട്ടിയത്. മാത്രമല്ല, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വിതരണം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ എണ്ണക്കമ്പനികള്‍ നഷ്ടം സഹിക്കുന്നതിനാല്‍ പെട്രോള്‍ പമ്പുകളില്‍ ചില്ലറ ഇന്ധന വിലയില്‍ മാറ്റമില്ല. ആഗോളതലത്തിലുള്ള വിലവര്‍ധനവ് ചില്ലറ വില്‍പ്പനയെ ബാധിച്ചാല്‍ അത് പണപ്പെരുപ്പ കണക്കുകളില്‍ വലിയ ആഘാതം സൃഷ്ടിക്കും. വാതക വില വര്‍ധനയുടെ വലിയൊരു ഭാഗം സര്‍ക്കാര്‍ വഹിക്കുന്നുണ്ടെന്നും, അനാവശ്യമായ പരിഭ്രാന്തിയും വ്യാജവാര്‍ത്തകളുമാണ് കരിഞ്ചന്തയ്ക്ക് കാരണമെന്നും എണ്ണ മന്ത്രാലയം പ്രതികരിച്ചു.

രാഷ്ട്രീയ തലവേദന

ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 'സ്റ്റാഗ്ഫ്‌ലേഷന്‍' (സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ഒന്നിച്ചു വരുന്ന അവസ്ഥ) എന്ന അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സിലെ സീനിയര്‍ ഇന്ത്യ ഇക്കണോമിസ്റ്റ് അഭിഷേക് ഗുപ്ത മുന്നറിയിപ്പ് നല്‍കി. ഇറാന്‍ യുദ്ധത്തിന് മുന്‍പുണ്ടായിരുന്ന 'ഗോള്‍ഡിലോക്‌സ്' അവസ്ഥയില്‍ (മിതമായ പണപ്പെരുപ്പവും മികച്ച വളര്‍ച്ചയും) നിന്നുള്ള വലിയൊരു മാറ്റമാണിത്. കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്കിന്റെ 4% എന്ന ലക്ഷ്യത്തിനും താഴെയായിരുന്നു പണപ്പെരുപ്പം. എന്നാല്‍ ഇപ്പോള്‍ വിലക്കയറ്റം തുടങ്ങിക്കഴിഞ്ഞു. വേനല്‍ക്കാലം കടുക്കുന്നതോടെ ഭക്ഷ്യവില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 2023-ലെ തക്കാളി, ഉള്ളി വിലക്കയറ്റം പോലെ ഇപ്പോഴത്തെ വിലക്കയറ്റം നരേന്ദ്ര മോദി സര്‍ക്കാരിന് വലിയ രാഷ്ട്രീയ തലവേദനയാകാനും സാധ്യതയുണ്ട്.

വിറകടുപ്പിലേക്ക് മാറി ഹോട്ടലുകള്‍

മുംബൈയിലെ പ്രശസ്തമായ 'പഞ്ചം പുരിവാല' ഹോട്ടല്‍ അവരുടെ മെനുവിലെ 80 ശതമാനം വിഭവങ്ങളും ഒഴിവാക്കി. ഹൈദരാബാദിലെ ചില പ്രശസ്തമായ ബിരിയാണി ഹോട്ടലുകള്‍ വിറകടുപ്പിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശില്‍ കാലി സിലിണ്ടറുകള്‍ മാറാന്‍ ആളുകള്‍ തിക്കിത്തിരക്കുന്നതിന്റെ വീഡിയോ എക്‌സ് പ്ലാറ്റ്ഫോമില്‍ വന്നിരുന്നു. കേരളത്തിലടക്കം പല ഹോട്ടലുകളും ഉപഭോക്താക്കൾക്ക് ഈ ഇവസ്ഥ തുട‍‌ർന്നാൽ ഇനി ദിവസങ്ങൾ മാത്രമേ പ്രവ‍ർത്തിക്കൂ എന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്.