ഭീതി പടര്‍ത്തി കൊവിഡ് 19; ഹോളി വിപണിക്ക് വൻ തിരിച്ചടി, കച്ചവടക്കാര്‍ക്ക് ആശങ്ക

By Web TeamFirst Published Mar 8, 2020, 11:38 AM IST
Highlights

 രാജ്യത്തെ പ്രധാന നഗരങ്ങളിൽ രോഗ ബാധ സ്ഥിരീകരിച്ചത് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ചൊവ്വാഴ്ചയാണ് ഹോളി ആഘോഷിക്കുന്നത്. അതിനാൽ ശനിയാഴ്ച തുടങ്ങുന്ന നാലു ദിവസങ്ങൾ വിപണിയിൽ മികച്ച കച്ചവടം നടക്കേണ്ട ദിവസങ്ങളാണ്

ദില്ലി: കൊവിഡ് 19 ബാധ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയിൽ ഹോളി വിപണിക്ക് വൻ തിരിച്ചടി. മുംബൈ, ദില്ലി, ആഗ്ര, താനെ തുടങ്ങിയ നഗരങ്ങളിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ രോഗ ബാധ സ്ഥിരീകരിച്ചത് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ചൊവ്വാഴ്ചയാണ് ഹോളി ആഘോഷിക്കുന്നത്.

അതിനാൽ ശനിയാഴ്ച തുടങ്ങുന്ന നാലു ദിവസങ്ങൾ വിപണിയിൽ മികച്ച കച്ചവടം നടക്കേണ്ട ദിവസങ്ങളാണ്. സാധാരണ 20 മുതൽ 25 ശതമാനം വരെ അധിക കച്ചവടം ഈ നാലു ദിവസങ്ങളിൽ മാത്രം നടക്കും. പക്ഷേ കൊറോണ വൈറസ് ബാധ ഇതിന് തിരിച്ചടിയായി. കൊവിഡ് 19 വൈറസ് പടരുമെന്ന ഭീതിയിൽ ജനങ്ങൾ തിരക്കേറിയ ഇടങ്ങളിൽ നിന്നും മാറി നിൽക്കുന്നതാണ് ഇതിന് കാരണം. ചെറുകിട കച്ചവടക്കാർ മാൾ ഓപ്പറേറ്റർമാർ, സിനിമ തീയറ്ററുകൾ തുടങ്ങി എല്ലായിടത്തും പ്രതിസന്ധി നേരിടുന്നുണ്ട്.

ഹോളിയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും പിൻവലിക്കുന്നതായി കഴിഞ്ഞദിവസം കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 യെത്തുടര്‍ന്ന് ഹോളി ആഘോഷങ്ങളിൽ നിന്നു താൻ വിട്ടു നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ വലിയ ആൾക്കൂട്ടം ഉള്ള പരിപാടികൾ കുറയ്ക്കണം എന്ന വിദഗ്ധരുടെ നിർദേശം പാലിക്കാനാണ് തീരുമാനം എന്നാണ് വിശദികരണം. ട്വിറ്ററിലൂടെയാണ് പ്രഖ്യാപനം.

click me!