ഇന്ത്യയെ കൊള്ളയടിച്ച് കണ്ണിൽചോരയില്ലാത്ത സൈബർ കള്ളന്മാർ; 2019 ൽ നഷ്ടമായത് 1.25 ലക്ഷം കോടി!

By Web TeamFirst Published Oct 20, 2020, 11:36 PM IST
Highlights

ഈ ക്രിമിനലുകളെല്ലാം വീട്ടിലിരുന്നാണ് ഇതെല്ലാം ചെയ്യുന്നത്. ഒരു തരത്തിലുള്ള ദയയോ ദാക്ഷിണ്യമോ ഇവർ കാണിക്കുന്നില്ല. ഇതാണ് ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണം വ്യക്തമാക്കുന്നത്. അടിയന്തിര സാഹചര്യമായതിനാൽ ആശുപത്രികൾ പണം കൊടുക്കുമെന്ന് കള്ളന്മാർക്ക് നല്ല ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടിലെ സൂചന  

ദില്ലി: കഴിഞ്ഞ വർഷം മാത്രം ഇന്ത്യക്ക് സൈബർ ക്രൈമുകൾ വഴി 1.25 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചെന്ന് കണക്ക്. രാജ്യത്ത് 5ജി നെറ്റ്‌വർക്കും സ്മാർട്ട് സിറ്റികളും സ്ഥാപിക്കാനുള്ള ശ്രമവുമായി സർക്കാരുകൾ മുന്നോട്ട് പോകുമ്പോഴാണ് ഈ പ്രതിസന്ധി. നാഷണൽ സൈബർ സെക്യൂരിറ്റി കോർഡിനേറ്റർ ലെഫ്റ്റനന്റ് ജനറൽ ഡോ രാജേഷ് പന്താണ് കണക്ക് പുറത്തുവിട്ടത്.

സൈബർ ആക്രമണങ്ങൾ തടയാനും സുരക്ഷയൊരുക്കാനും തദ്ദേശീയമായി തന്നെ സംവിധാനമൊരുക്കാൻ ഇന്റസ്ട്രിയിലെ പ്രമുഖർ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വളരെ ചുരുക്കം കമ്പനികൾ മാത്രമാണ് സൈബർ സുരക്ഷയൊരുക്കാനുള്ള പരിശ്രമം നടത്തുന്നത്. മേഖലയിൽ ചതിക്കുഴികൾ അനേകമാണെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ദിവസവും റാൻസംവെയർ ആക്രമണങ്ങൾ വർധിക്കുകയാണ്. ഈ ക്രിമിനലുകളെല്ലാം വീട്ടിലിരുന്നാണ് ഇതെല്ലാം ചെയ്യുന്നത്. ഒരു തരത്തിലുള്ള ദയയോ ദാക്ഷിണ്യമോ ഇവർ കാണിക്കുന്നില്ല. ആക്രമണം ആശുപത്രികളിലേക്കാണ് വളരെ അധികമായി ഉണ്ടാകുന്നത്. അടിയന്തിര സാഹചര്യമായതിനാൽ ആശുപത്രികൾ പണം കൊടുക്കുമെന്ന് കള്ളന്മാർക്ക് നല്ല ഉറപ്പാണെന്നും അതിനാലാണ് ഇതുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഒരു ഫോണിൽ തന്നെ 15 മാർഗങ്ങളിലൂടെ ആക്രമണം നടത്താനാവുമെന്ന് പന്ത് പറഞ്ഞു. ആപ്പുകൾക്ക് പുറമെയാണിത്. അതിനാൽ തന്നെ സൈബർ ലോകത്ത് കൂടുതൽ സുരക്ഷയൊരുക്കാനുള്ള കഠിനാധ്വാനത്തിലാണ് രാജ്യത്തെ സൈബർ വിദഗ്ദ്ധർ.

click me!