
ടിൻസുകിയ: അസമിലെ നാല് തേയിലത്തോട്ടങ്ങൾ വാങ്ങാൻ വാറൻ ടീയുമായി കരാറിൽ ഏർപ്പെട്ടതിന് തൊട്ടുപിന്നാലെ രണ്ട് എസ്റ്റേറ്റുകൾ കൂടി ഏറ്റെടുക്കാൻ ധൻസേരി ടീ ആൻഡ് ഇൻഡസ്ട്രീസ്. അപീജയ് സുരേന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ അപീജയ് ടീ ലിമിറ്റഡിൽ നിന്നായിരിക്കും രണ്ട് തേയില തോട്ടങ്ങൾ കൂടി ഏറ്റെടുക്കുക.
അസമിലെ ടിൻസുകിയ ജില്ലയിൽ സ്ഥിതി ചെയ്യുന്ന രണ്ട് തേയിലത്തോട്ടങ്ങൾ 109 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനായി അപീജയ് ടീ ലിമിറ്റഡുമായി തിങ്കളാഴ്ച കമ്പനി ധാരണാപത്രം (എംഒയു) ഒപ്പുവെച്ചതായി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഏറ്റെടുക്കൽ അസാം തേയില വിപണിയിൽ ധൻസേരിക്ക് വലിയ നേട്ടമുണ്ടാക്കും. അസമിലെ നാല് എസ്റ്റേറ്റുകൾക്കായി വാറൻ ടീയുമായി ധൻസേരി ഗ്രൂപ്പ് കഴിഞ്ഞ മാസം കരാറിൽ ഏർപ്പെട്ടിരുന്നു. അതുവരെ 6.5 ദശലക്ഷം കിലോഗ്രാം ആയിരുന്നു ധൻശേരിയുടെ ഉത്പാദനം. അപീജയ് കരാറോടെ, ചെറുകിട തേയില കർഷകരിൽ നിന്ന് വാങ്ങിയത് ഉൾപ്പെടെയുള്ള ഉൽപ്പാദനം 14.6 ദശലക്ഷം കിലോഗ്രാം ആയി ഉയരും. ഏറ്റെടുക്കുന്ന രണ്ട് അപീജയ് എസ്റ്റേറ്റുകൾ ഏകദേശം 3.1 എംകെജി ഉത്പാദിപ്പിക്കുന്നുണ്ട്.
വിലക്കയറ്റം, തേയില വിളവെടുപ്പിലെ കുറവ്, കുറഞ്ഞ ആദായം എന്നിവ കാരണം സാമ്പത്തിക സമ്മർദ്ദത്തിലായിരുന്നു കമ്പനി. ഇതിൽ നിന്നും പെട്ടന്ന് മറ്റ് തേയില തോട്ടങ്ങൾ ഏറ്റെടുക്കുന്ന ധനുകയുടെ നീക്കം ശ്രദ്ധേയമാണ്. വിളവ് വർദ്ധിപ്പിച്ച് കൂടുതൽ ഉത്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്. മുൻപ് നാല് തേയില തോട്ടങ്ങൾ വാങ്ങിയതിനൊപ്പമാണ് പുതിയതായി വീണ്ടും തോട്ടങ്ങൾ വാങ്ങാൻ കരാറാകുന്നത്.