ഡിജിറ്റൽ രൂപ നാളെ വിപണിയിലേക്ക്; അറിയേണ്ടതെല്ലാം

Published : Nov 30, 2022, 03:52 PM IST
ഡിജിറ്റൽ രൂപ നാളെ വിപണിയിലേക്ക്; അറിയേണ്ടതെല്ലാം

Synopsis

എന്താണ് ഡിജിറ്റൽ രൂപ? ആർബിഐ നാളെ ഡിജിറ്റൽ രൂപ പുറത്തിറക്കുന്നു. എങ്ങനെ ഇവ ഉപയോഗിക്കാം എന്ന് തുടങ്ങി ഡിജിറ്റൽ രൂപയെ കുറിച്ച് അറിയേണ്ടതെല്ലാം   

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാളെ ഡിജിറ്റൽ രൂപ പുറത്തിറക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് എന്നിവയുൾപ്പെടെ നാല് ബാങ്കുകളുമായി ആർ‌ബി‌ഐ ധാരണയിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഈ ബാങ്കുകൾ വഴി ആയിരിക്കും ഡിജിറ്റൽ രൂപ ലഭിക്കുക. 

എന്താണ് ഡിജിറ്റൽ രൂപ അല്ലെങ്കിൽ ഇ-രൂപ?

ആർബിഐ വിശദീകരിച്ചതുപോലെ, ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പാണ് ഇ-രൂപ അല്ലെങ്കിൽ ഡിജിറ്റൽ രൂപ. ക്രിപ്‌റ്റോകറൻസികളിൽ നിന്ന് വ്യത്യസ്തമായി, പേപ്പർ കറൻസിയുടെയും നാണയങ്ങളുടെയും അതേ വിഭാഗത്തിലാണ് ഡിജിറ്റൽ രൂപ ഇഷ്യൂ ചെയ്യുന്നത്. ഡിജിറ്റൽ രൂപയുടെ  ഇൻറർബാങ്ക് ഇടപാടുകളിലെ മൊത്ത വ്യാപാരത്തിനായി ഒരു പതിപ്പും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ചില്ലറ വ്യാപാരത്തിനായി മറ്റൊരു പതിപ്പും ആർബിഐ തയ്യാറാക്കിയിട്ടുണ്ട്. 

ഡിജിറ്റൽ രൂപ എങ്ങനെ പ്രവർത്തിക്കും?

ഇടപാടുകാർക്കും വ്യാപാരികൾക്കും ബാങ്കുകൾ പോലുള്ള ഇടനിലക്കാർ വഴി ഡിജിറ്റൽ രൂപ വിതരണം ചെയ്യുമെന്ന് ആർബിഐ അറിയിച്ചു.  മൊബൈൽ ഫോണുകളിലോ ഉപകരണങ്ങളിലോ ഉള്ള ഡിജിറ്റൽ വാലറ്റ് വഴി ഉപയോക്താക്കൾക്ക് ഇ-രൂപയുമായി ഇടപാട് നടത്താൻ കഴിയും. ഡിജിറ്റൽ രൂപയിലുള്ള ഇടപാട് വ്യക്തിയിൽ നിന്ന് വ്യക്തിക്കും, വ്യക്തിയിൽ നിന്ന് വ്യാപാരിക്കും ഇടയിലും നടക്കാമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഓൺലൈൻ ഇടപാടുകൾ നടത്തുന്നതുപോലെ, വ്യാപാരികളുടെ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഇ-റുപേ വഴി പേയ്‌മെന്റുകൾ നടത്താനാകും.

യോഗ്യരായ ബാങ്കുകളുടെയും നഗരങ്ങളുടെയും ലിസ്റ്റ്?

ഘട്ടം ഘട്ടമായാണ് ഡിജിറ്റൽ രൂപ പുറത്തിറക്കുമെന്ന് സെൻട്രൽ ബാങ്ക് വെളിപ്പെടുത്തിയത്.  ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ നാല് ബാങ്കുകളിൽ ആരംഭിക്കും -- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് തിരഞ്ഞെടുത്ത ബാങ്കുകൾ.  മുംബൈ, ന്യൂഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിലായിരിക്കും ആദ്യം ഇത് ലഭ്യമാകുക. മുന്നോട്ട് പോകുമ്പോൾ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹിന്ദ് എന്നിവയുൾപ്പെടെ നാല് ബാങ്കുകൾ കൂടി പരീക്ഷണാടിസ്ഥാനത്തിൽ  ചേരുമെന്ന് ആർബിഐ വെളിപ്പെടുത്തി.

എങ്ങനെയാണ് ഇ-രൂപ ട്രാൻസ്ഫർ ചെയ്യുന്നത്?

ഡിജിറ്റൽ രൂപയുടെ റീട്ടെയിൽ പതിപ്പ് ടോക്കൺ അടിസ്ഥാനമാക്കിയുള്ളതാണ്. ഇ മെയിൽ പോലെ ഒരു കീ ഐഡി ഉണ്ടാകും. സ്വകാര്യമായി ലഭിക്കുന്ന ഒരു പാസ്‌വേഡ് ഉപയോഗിച്ച് പണം കൈമാറുകയും ചെയ്യാം. 

പലിശ ലഭിക്കുമോ?

ആർബിഐ ഇന്നലെ പുറത്തിറക്കിയ കൺസെപ്റ്റ് നോട്ട് അനുസരിച്ച് ഇല്ല എന്നാണ് ഉത്തരം. ഡിജിറ്റൽ രൂപയ്ക്ക് പലിശ ലഭിക്കില്ല. കാരണം ആളുകൾ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുകയും അത് ഡിജിറ്റൽ രൂപയിലേക്ക് മാറ്റുകയും ചെയ്തേക്കാം. ഇത് ബാങ്കുകളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയേക്കും. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ