കൊവിഡ് പ്രതിസന്ധി; ഇനി ആഭ്യന്തര വിമാനയാത്രയും പൊള്ളും

By Web TeamFirst Published May 29, 2021, 5:31 PM IST
Highlights

പുതിയ തീരുമാനം ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് വിവരം. അതേസമയം ആഭ്യന്തര ടിക്കറ്റുകളുടെ പരമാവധി നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നും ഔദ്യോഗിക ഉത്തരവില്‍ പറയുന്നുണ്ട്.

ദില്ലി:  കൊവിഡ് പ്രതിസന്ധി വിമാന യാത്രക്കാരെയും ബുദ്ധിമുട്ടിക്കും. രാജ്യത്തെ ആഭ്യന്തര വിമാന യാത്രകള്‍ക്ക് ഇനി ചെലവേറും. ടിക്കറ്റുകളുടെ കുറഞ്ഞ നിരക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ആഭ്യന്തര വിമാന ടിക്കറ്റുകളുടെ മിനിമം നിരക്കില്‍ 13 മുതല്‍ 16 ശതമാനം വരെ വര്‍ധനവാണ് ലക്ഷ്യമിടുന്നത്.

പുതിയ തീരുമാനം ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് വിവരം. അതേസമയം ആഭ്യന്തര ടിക്കറ്റുകളുടെ പരമാവധി നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നും ഔദ്യോഗിക ഉത്തരവില്‍ പറയുന്നുണ്ട്.

കൊവിഡ് ബാധയെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം കുറഞ്ഞതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും വിമാനക്കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെ കൊവിഡിന്റെ രണ്ടാം വ്യാപനം കൂടി വന്നതോടെ വിമാന സര്‍വീസിനെ ഇത് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.

നേരത്തെ കൊവിഡിന്റെ ആദ്യ വ്യാപന ഘട്ടത്തില്‍ രാജ്യത്ത് രണ്ട് മാസത്തോളം ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നു. ഇത് പിന്‍വലിച്ച ശേഷം 2020 മെയ് 25 ന് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചപ്പോഴാണ് നിരക്കുകളില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയത്. ആഭ്യന്തര സര്‍വീസുകളുടെ മിനിമം നിരക്കും മാക്‌സിമം നിരക്കും പുനര്‍നിശ്ചയിച്ചുകൊണ്ടായിരുന്നു തീരുമാനം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!