
മറയൂര്‍ ശർക്കരയ്ക്ക് (marayoor jaggery) വിപണിയിൽ വൻ ഡിമാൻഡാണ്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ഇല്ലാത്തതാണ് മറ്റുള്ളവയില്‍ നിന്നും മറയൂർ ശർക്കരയെ വ്യത്യസ്തമാക്കുന്നത്. എന്നാൽ കടുത്ത പ്രതിസന്ധിയാണ് മറയൂർ ശർക്കര ഇപ്പോൾ നേരിടുന്നത്. വിപണിയിൽ മറയൂർ ശർക്കര എന്ന പേരിൽ സുലഭമായി എത്തുന്ന വ്യാജൻ മറയൂർ ശർക്കരയാണ് യഥാർത്ഥ ഉത്പാദകരെ വലയ്ക്കുന്നത്.
തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഗുണനിലവാരമില്ലാത്ത ശര്‍ക്കരയാണ് മറയൂർ ശർക്കര എന്ന പേരിൽ വിപണിയിൽ വിറ്റുപോകുന്നത്. മറയൂരിലെ കരിമ്പ് കർഷകരെ മാത്രം ആശ്രയിച്ചാണ് ഒർജിനൽ മറയൂർ ശർക്കരയുടെ ഉത്പാദനം. വിപണിയിൽ വ്യാജൻ എത്തുമ്പോൾ അത് കർഷകർക്ക് വെല്ലുവിളിയാണ്. വിപണിയിൽ എത്തുന്ന വ്യാജൻ ശർക്കരയുടെ വിപണനം ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി തടയുമെന്ന് സർക്കാർ വാഗ്ദാനം ചെയ്തെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് കരിമ്പ് ഉത്പാദന സംഘം സെക്രട്ടറി അക്ബര്‍ അലി പറഞ്ഞു.
Read Also : Home loan : ഭവന വായ്പ എടുത്തിട്ടുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
മറയൂർ ശർക്കര എന്ന പേരിൽ വ്യാജൻ എത്തുന്നത് തടയുമെന്ന സർക്കാർ വാഗ്ദാനം പാളിയതോടെ വ്യാജനെ തിരിച്ചറിയാൻ ഇപ്പോൾ ജിഐ ടാഗുമായി രംഗത്തെത്തിയിരിക്കുകയാണ് മറയൂരിലെ കരിമ്പ് കർഷകർ. പരമ്പരാഗത രീതിയിൽ നിർമ്മിച്ച മറയൂർ ശർക്കരയ്ക്ക് 2019 മാർച്ച് 8 ന് കേന്ദ്ര സർക്കാരിൽ നിന്ന് ഭൗമ സൂചിക പദവി (Geographical Indication tag) ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധനകള്‍ നടക്കാതായതോടെ കരിമ്പ് ഉത്പാദന വിതരണ സംഘം ജിഐ ടാഗുകള്‍ കൂടി അച്ചടിച്ച് ശർക്കര വിപണനം നടത്തുകയാണ്. ഇനി കരിമ്പ് ഉത്പാദന സംഘത്തിന് കീഴിലുള്ള മുഴുവന്‍ കര്‍ഷകരുടെയും ശര്‍ക്കരകള്‍ ഈ ടാഗോടുകൂടിയാകും വിപണിയിലെത്തുക.
Read Also : Tata : ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാൻ ടാറ്റ
ഇങ്ങനെ ടാഗ് നൽകി വിപണനം ചെയ്യുന്നതിലൂടെ വ്യാജന്മാരെ തടയാൻ കഴിയുമെന്നാണ് കർഷകരുടെ പ്രതീക്ഷ എന്ന് അക്ബര്‍ അലി വ്യക്തമാക്കുന്നു. എന്നാൽ വരും നാളുകളിൽ ടാഗിലും വ്യാജന്മാര്‍ ഇറങ്ങുമോയെന്ന പേടി ഇവര്‍ക്കുണ്ട്. വ്യാജ സർക്കാർ തമിഴ്‌നാട്ടിൽ നിന്നും എത്തുന്നത് തടയാൻ സർക്കാർ അതിർത്തിയിൽ പരിശോധന നടത്തണമെന്നാണ് കർഷകരുടെ ആവശ്യം.