
കുത്തനെ ഉയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയതോടെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ വായ്പ നിരക്കുകൾ വർധിപ്പിച്ചു തുടങ്ങി. പല ബാങ്കുകളും രണ്ടിൽ കൂടുതൽ തവണ ചില ബാങ്കുകൾ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. അടുത്ത ആഴ്ച ആർബിഐ റിപ്പോ നിരക്ക് വീണ്ടും ഉയർത്തിയേക്കും, അങ്ങനെ വരുമ്പോൾ ബാങ്കുകളുടെ വായ്പ നിരക്കുകൾ വീണ്ടും ഉയർന്നേക്കും.ഇത് വായ്പ എടുത്തിട്ടുള്ള സാധാരണക്കാരന്റെ നെഞ്ചിടിപ്പുയർത്തും. വ്യക്തിഗത വായ്പകളും ഭവന വായ്പകളും എടുത്തവർക്ക് ഇഎംഐ ഇനി കുത്തനെ ഉയരും. അല്ലെങ്കിൽ ലോൺ കാലാവധി മുന്നോട്ട് പോകും.
ഭവന വായ്പ ഉള്ളവർക്കും പുതുതായി എടുക്കുന്നവർക്കും ഇഎംഐ ഭാരവും പലിശയും കുറയ്ക്കാനുള്ള ചില പോംവഴികൾ ഇതാ;
ലോൺ-ടു-വാല്യൂ അനുപാതം
ഭവന വായ്പ എടുക്കുമ്പോൾ ബാങ്കുകൾ പല മാനദണ്ഡങ്ങളും മുന്‍പോട്ടു വെക്കാറുണ്ട്. വാര്‍ഷിക വരുമാനമാണ് അതില്‍ ആദ്യത്തേത്. വായ്പ, കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ മുതലായവയാണ് മറ്റു മാനദണ്ഡങ്ങള്‍. ഇതുകൂടാതെ പ്രധാനമായ ഒന്നാണ് ലോൺ-ടു-വാല്യൂ അനുപാതം.
ലോണ്‍ ടു വാല്യൂ അനുപാതം എന്നാൽ നിങ്ങള്‍ എത്ര പണം വായ്പ ഇനത്തിൽ തിരിച്ചടയ്ക്കണം എന്നതും നിങ്ങളുടെ വീടിനു എന്ത് വില കിട്ടും എന്നതും തമ്മിലുള്ള അനുപാതമാണ്.
ലോൺ-ടു-വാല്യൂ അനുപാതം കണക്കാക്കുന്നത്
(വസ്തുവിൻ്റെ കടം / വസ്തുവിൻ്റെ മൂല്യം) x 100 = എൽടിവി അനുപാതം
ഉദാഹരണത്തിന്, നിങ്ങള്‍ ഒരു കോടി രൂപ വിലമതിക്കുന്ന വീട് വാങ്ങുകയാണെങ്കിൽ നിങ്ങളുടെ ബാങ്കിൻ്റെ എല്‍.ടി.വി അനുപാതം 70% ആയിരിക്കുകയും ചെയ്താല്‍, നിങ്ങള്‍ക്ക് ബാങ്ക് നല്കാന്‍ തയ്യാറാകുന്ന പരമാവധി വായ്പ 70 ലക്ഷം രൂപയാണ്.
കാലാവധി ദൈർഘ്യം
ദൈർഘ്യമേറിയ ഹോം ലോൺ കാലാവധി തിരഞ്ഞെടുക്കുന്നത് വായ്പക്കാരന്റെ ഇഎംഐ ഭാരം കുറയ്ക്കാൻ സഹായിക്കും. എന്നിരുന്നാലും, ദൈർഘ്യമേറിയ കാലയളവ് മൊത്തം പലിശ ചെലവ് വർദ്ധിപ്പിക്കുന്നതിനാൽ സാമ്പത്തിക വരവ് ചെലവ് കണക്കാക്കി മാത്രം കാലാവധി തെരഞ്ഞെടുക്കുക.
Read Also : Gold rate today : സ്വർണം വാങ്ങാനോ വിൽക്കാനോ തയ്യാറെടുക്കുകയാണോ? ഇന്നത്തെ വില അറിയാം
ലോൺ ഓഫറുകൾ താരതമ്യം ചെയ്യുക
പലിശ നിരക്ക്, പ്രോസസ്സിംഗ് ഫീസ്, കാലാവധി, ലോൺ തുക എന്നിങ്ങനെ വായ്പ ദാതാക്കൾ മുന്നോട്ട് വെക്കുന്ന ഹോം ലോൺ ഫീച്ചറുകൾ വ്യത്യസ്തമായിരിക്കും. അതിനാൽ, ഒരു ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഹോം ലോൺ ഫീച്ചറുകൾ താരതമ്യം ചെയ്യണം. അപേക്ഷകന്റെ പ്രതിമാസ വരുമാനം, ക്രെഡിറ്റ് സ്കോർ, ജോലി പ്രൊഫൈൽ, മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വിവിധ വായ്പക്കാരിൽ നിന്ന് വായ്പ നിരക്കുകൾ അറിയുക എന്നുള്ളതാണ് ഏറ്റവും നല്ല മാർഗം.
മുൻകൂട്ടി പണമടയ്ക്കുക
വായ്പ എടുത്തവരെ അവരുടെ കുടിശ്ശിക മുഴുവൻ അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം മുൻകൂട്ടി അടയ്ക്കാൻ ഭവന വായ്പ നൽകുന്നവർ അനുവദിക്കുന്നുണ്ട്. ഇതിലൂടെ വായ്പയെടുക്കുന്നവരുടെ മൊത്തത്തിലുള്ള പലിശ ചെലവ് കുറയ്ക്കാൻ സാധിക്കും. മുൻകൂർ പേയ്‌മെന്റുകൾ നടത്തുമ്പോൾ, കടം വാങ്ങുന്നവർക്ക് ഒന്നുകിൽ ഇഎംഐ അല്ലെങ്കിൽ കാലാവധി കുറയ്ക്കൽ തിരഞ്ഞെടുക്കാം. കാലാവധി കുറച്ചാൽ പലിശ ചെലവ് കുറക്കാൻ സാധിക്കും.
Read Also : Tata : ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാൻ ടാറ്റ
ഇഎംഐ ഉയർത്തിയാൽ
നിങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം ഇഎംഐ വർധിപ്പിക്കുക എന്നതാണ്. എന്നാൽ പലർക്കും ഉയർന്ന ഇഎംഐ താങ്ങാൻ കഴിയില്ല. അങ്ങനെ ഉള്ളവർക്ക് ഇഎംഐ കുറച്ച് കാലാവധി കൂട്ടുന്നതാണ് അനുയോജ്യം. എന്നാൽ ഇഎംഐ വർധിപ്പിച്ചാൽ മൊത്തം തിരിക്ക്കടവിൽ നിങ്ങളുടെ പലിശ നിരക്ക് കുറയ്ക്കാൻ സഹായകരമാകും.