
കൊല്ലം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയിലിനെതിരെ ഇ ശ്രീധരൻ. പദ്ധതി സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിൽവർ ലൈനിന്റെ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് കെ റെയിൽ നിർമാണം നടന്നാൽ കേരളത്തെ വിഭജിക്കുന്ന 'ചൈനാ മതിൽ' രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
രാത്രിയിൽ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയിൽ പ്രഖ്യാപനം അപ്രായോഗികമാണ്. 2025 ൽ പദ്ധതി പൂർത്തിയാക്കാമെന്ന കെ റെയിൽ വാദവും തെറ്റാണ്. കെആർഡിസിഎല്ലിന് നിർമാണ ചുമതല നൽകിയ 27 റെയിൽവേ മേൽപാലങ്ങളിൽ ഒന്നിന്റെ നിർമാണം പോലും തുടങ്ങാനായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ റെയിൽ പദ്ധതിയുടെ കട ബാധ്യത ഏറ്റെടുക്കാമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികൾ ആരാണ് നിർത്തിയതെന്ന് ചോദിച്ച മെട്രോ മാൻ അന്നത് തുടർന്നിരുന്നെങ്കിൽ രണ്ടു നഗരങ്ങളിൽ ലൈറ്റ് മെട്രോ ഇന്ന് സർവീസ് നടത്തുമായിരുന്നുവെന്ന് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വ്യാജ അവകാശവാദങ്ങൾക്ക് കൂട്ടു നിൽക്കാൻ ബിജെപിക്കാവില്ലെന്നും വാർത്താ കുറിപ്പിൽ ഇ ശ്രീധരൻ പ്രതികരിച്ചു.
കേരളത്തെ വിൽക്കാനുള്ള പദ്ധതിയാണ് കെ റെയിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. കെ റെയിലിൽ എന്താണ് സംഭവിക്കുന്നതെന്ന് സി പി എം സംസ്ഥാന സെക്രട്ടറിക്കു പോലും അറിയില്ലെന്നും പ്രതിപക്ഷ നേതാവ് സതീശൻ പരിഹസിച്ചു. കുണ്ടറയിൽ കെ റെയിലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപിയും പിസി വിഷ്ണുനാഥ് എംഎൽഎയും നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ റെയിൽ എതിർക്കുന്നതിലൂടെ കേരളത്തിലെ വികസനത്തെ തകർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നാണ് ഇന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജൻ പ്രതികരിച്ചത്.
കെ റെയിൽ(k rail) കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ(k surendran) നേരത്തെ പ്രതികരിച്ചിരുന്നു. ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഒരുലക്ഷം കോടിയിൽ അധികം ചെലവിട്ട് ഈ പദ്ധതി നടപ്പാക്കാൻ ആണ് സർക്കാർ ലക്ഷ്യം. പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. പദ്ധതിക്ക് പിന്നിൽ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. പദ്ധതിയുടെ പേരിൽ കോടികൾ കമ്മീഷൻ പറ്റാൻ ആണ് ശ്രമം.സാർവത്രിക അഴിമതി ആണ് ലക്ഷ്യം. സർക്കാരിന് ദുഷ്ടലാക്കാണ്. പദ്ധതിക്ക് വേണ്ടി വരുന്ന വായ്പ, അതിന്റെ മാനദണ്ഡങ്ങൾ, പലിശ, കൺസൾട്ടൻസി എന്നിവയെ കുറിച്ച് ഒരു വ്യക്തതയും സർക്കാരിന് ഇല്ല.പിണറായി ദുരഭിമാനം വെടിയണം. തെറ്റ് തിരുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു.