Latest Videos

ക്രൂഡ് ഓയിൽ വില കുറപ്പിക്കാൻ ഇന്ത്യയുടെ 'സ്ട്രാറ്റജിക് സ്ട്രൈക്'; ഒപെക് രാജ്യങ്ങൾക്ക് തിരിച്ചടി

By Web TeamFirst Published Nov 23, 2021, 4:23 PM IST
Highlights

ലോകത്ത് മൂന്നിടങ്ങളിലായി ഭൂഗർഭ അറകളിൽ സംഭരിച്ച് വെച്ച 53.3 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ പുറത്തെടുക്കുന്നു

ദില്ലി: അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഇടിക്കാൻ ഇന്ത്യയുടെ സ്ട്രാറ്റജിക് സ്ട്രൈക്ക്. അന്തർദേശീയ തലത്തിൽ അമേരിക്കയുടെയും ജപ്പാന്റെയും സഹകരണത്തോടെയും പിന്തുണയോടെയുമാണ് വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനുള്ള നീക്കം. ലോകത്ത് മൂന്നിടങ്ങളിലായി ഭൂഗർഭ അറകളിൽ സംഭരിച്ച് വെച്ച 53.3 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ പുറത്തെടുക്കുന്നത്.

ഏഴ് മുതൽ പത്ത് വരെ ദിവസങ്ങൾക്കുള്ളിൽ ഇത് വിപണിയിലെത്തുമെന്നാണ് വിവരം. മംഗളൂരു റിഫൈനറി, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർക്കാണ് ഈ ക്രൂഡ് ഓയിൽ നൽകുക. വരുംനാളുകളിൽ കൂടുതൽ റിസർവ് ക്രൂഡ് ഓയിൽ വിപണിയിലെത്തിക്കാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.

അമേരിക്ക കഴിഞ്ഞ ആഴ്ച ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് റിസർവിലുള്ള ക്രൂഡ് ഓയിൽ പുറത്തിറക്കാൻ ആവശ്യപ്പെട്ടിരുന്നു. ചൈനയോടും ജപ്പാനോടും ഇത്തരമൊരു ആവശ്യം അമേരിക്ക ഉന്നയിച്ചിരുന്നു. ഉൽപ്പാദനം മെച്ചപ്പെടുത്താനുള്ള കൺസ്യൂമർ രാജ്യങ്ങളുടെ നിരന്തര അഭ്യർത്ഥന ഒപെക് രാജ്യങ്ങൾ തുടർച്ചയായി നിരാകരിച്ചതാണ് ഇത്തരമൊരു ആലോചനയ്ക്ക് അമേരിക്കയെ നയിച്ചത്.

കുറേ നാളുകളായി ദിവസം നാല് ലക്ഷം ബാരൽ എന്ന നിലയിലാണ് ഒപെക് രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉൽപ്പാദനം നടത്തിയത്. കൊവിഡിന് ശേഷം തിരിച്ചടി നേരിട്ട ആഗോള രാജ്യങ്ങളിലെ ഇക്കണോമിക് റിക്കവറിക്ക് ഇത് വൻ തിരിച്ചടിയായിരുന്നു. അതേസമയം പുതിയ കൊവിഡ് വ്യാപനം യൂറോപ്പ് അടക്കമുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയായത് ക്രൂഡ് ഓയിൽ വിലയെയും സ്വാധീനിച്ചിട്ടുണ്ട്. ഒക്ടോബർ 26 ന് ബാരലിന് 86.40 ഡോളറായിരുന്ന വില ഇന്നലെ 78 ഡോളറായി ഇടിഞ്ഞിരുന്നു.

ഇന്ത്യയുടെ അതേ നീക്കം ചൈനയും ജപ്പാനും ആലോചിക്കുന്നുണ്ട്. ഇവരും വരുംനാളുകളിൽ റിസർവ് ക്രൂഡ് ഓയിൽ വിപണിയിലിറക്കും. അതോടെ ഒപെക് രാജ്യങ്ങളും വില കുറയ്ക്കാൻ നിർബന്ധിതരാകുമെന്നാണ് കരുതപ്പെടുന്നത്.

click me!