90 കോടി ജനങ്ങള്‍ക്കായി മഷി തയ്യാറാക്കി മൈസൂര്‍: ഉല്‍പാദനത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം

By Web TeamFirst Published Mar 19, 2019, 11:15 AM IST
Highlights

700 വോട്ടര്‍മാര്‍ക്ക് ഒരുകുപ്പി മഷി എന്ന നിരക്കിലാണ് നിര്‍മാണം. 26 ലക്ഷം മഷിക്കുപ്പിക്ക് 33 കോടി രൂപയാണ് ആകെ വില. പൊതു തെരഞ്ഞെടുപ്പിന് ആവശ്യമായ മഷി നിര്‍മാണം ഡിസംബര്‍ മുതല്‍ ആരംഭിച്ചു. വിവിധ ഷിഫ്റ്റുകളായി മണിക്കൂറുകളോളം ജോലി ചെയ്താണ് ജീവനക്കാര്‍ മഷി നിര്‍മാണം പൂര്‍ത്തിയാക്കിയത്. 

മൈസൂര്‍: ഇന്ത്യയിലെ 90 കോടി ജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ മഷി തയ്യാറാക്കി മൈസൂര്‍ പെയിന്‍റ്സ് ആന്‍ഡ് വാര്‍ണിഷിങ് ലിമിറ്റഡ് (എം.പി.വി.എല്‍). വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍പ് കൈയില്‍ പുരട്ടേണ്ടുന്ന മഷിയാണ് ഈ അര്‍ധ സര്‍ക്കാര്‍ സ്ഥാപനം തയ്യാറാക്കുന്നത്. 

1962 ന് ശേഷമുളള എല്ലാ തെരഞ്ഞെടുപ്പുകളിലും മഷി വിതരണം ചെയ്യുന്നത് എംപിവിഎല്‍ ആണ്. ഈ വര്‍ഷം ഉല്‍പാദനം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. 26 ലക്ഷം മഷിക്കുപ്പിയാണ് പൊതു തെരഞ്ഞെടുപ്പിനായി സ്ഥാപനം കമ്മീഷന് നിര്‍മിച്ച് നല്‍കിയത്. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനെക്കാള്‍ നാല് ലക്ഷം കൂടുതല്‍ മഷിയാണ് ഈ വര്‍ഷം അധികമായി ഉല്‍പാദിപ്പിച്ചത്. 2014 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സ്ഥാപനം വിതരണം ചെയ്തത് 22 ലക്ഷം മഷിക്കുപ്പിയായിരുന്നു. 

700 വോട്ടര്‍മാര്‍ക്ക് ഒരുകുപ്പി മഷി എന്ന നിരക്കിലാണ് നിര്‍മാണം. 26 ലക്ഷം മഷിക്കുപ്പിക്ക് 33 കോടി രൂപയാണ് ആകെ വില. പൊതു തെരഞ്ഞെടുപ്പിന് ആവശ്യമായ മഷി നിര്‍മാണം ഡിസംബര്‍ മുതല്‍ ആരംഭിച്ചു. വിവിധ ഷിഫ്റ്റുകളായി മണിക്കൂറുകളോളം ജോലി ചെയ്താണ് ജീവനക്കാര്‍ മഷി നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഫിസിക്കല്‍ ലബോര്‍ട്ടറിയുടെ സഹായത്തോടെ പ്രത്യേക കെമിക്കലുകളാണ് മഷി നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. 

കേരളത്തിലെ തെര‌ഞ്ഞെടുപ്പിന് ഒരു ലക്ഷം മഷിക്കുപ്പികളാണ് ആവശ്യമായി വരിക. കര്‍ണാടക സര്‍ക്കാരിന് കീഴിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനമാണിത്. 1937 ലാണ് മൈസൂര്‍ പെയിന്‍റ്സ് വാര്‍ണിഷിങ് ലിമിറ്റഡ് സ്ഥാപിക്കുന്നത്. തെരഞ്ഞെടുപ്പ് മഷിക്കായി മറ്റ് നിരവധി രാജ്യങ്ങളാണ് എംപിവിഎല്ലിനെ ആശ്രയിക്കുന്നത്. 

click me!