200 ബില്യൺ ഡോളർ നഷ്ടപ്പെടുന്ന ആദ്യ വ്യക്തി; ഇലോൺ മസ്‌കിന് പുതിയ റെക്കോർഡ്

By Web TeamFirst Published Dec 31, 2022, 4:31 PM IST
Highlights

സ്വന്തം ആസ്തിയിൽ നിന്നും 200 ബില്യൺ ഡോളർ നഷ്ടപ്പെട്ട ചരിത്രത്തിലെ ഏക വ്യക്തിയായി ഇലോൺ മസ്‌ക്.  ടെസ്‌ലയുടെ നിരവധി ഓഹരികൾ മസ്‌ക് വിറ്റു.ലോക സമ്പന്നരിൽ ഒന്നാം സ്ഥാനം  ഇലോൺ മസ്‌കിന് ദിവസങ്ങൾക്ക് മുൻപ്‌ നഷ്ടമായി 
 

ദില്ലി: സ്വന്തം ആസ്തിയിൽ നിന്നും 200 ബില്യൺ ഡോളർ നഷ്ടപ്പെട്ട ചരിത്രത്തിലെ ഏക വ്യക്തിയായി ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം ടെസ്‌ല ഓഹരികൾ ഇടിഞ്ഞതിനെത്തുടർന്ന് 51 കാരനായ മസ്‌കിന്റെ സമ്പത്ത് 137 ബില്യൺ ഡോളറായി കുറഞ്ഞു. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ 44 ബില്യൺ ഡോളറിന് സ്വന്തമാക്കിയ മസ്‌ക്, ജെഫ് ബെസോസിന് ശേഷം 200 ബില്യണിലധികം സമ്പാദിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ്.

2021 നവംബർ 4-ന് ഇലോൺ മസ്‌കിന്റെ  സമ്പത്ത് 340 ബില്യൺ ഡോളറിലെത്തിയിരുന്നു. ഫ്രഞ്ച് വ്യവസായിയായ ബെർണാഡ് അർണോൾട്ട് മസ്കിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തുന്നത് വരെ ലോക സമ്പന്നരിൽ ഒന്നാം സ്ഥാനം  ഇലോൺ മസ്‌കിനായിരുന്നു. 21 ഒക്ടോബറിൽ ടെസ്‌ല ആദ്യമായി 1 ട്രില്യൺ വിപണി മൂലധനം നേടിയിരുന്നു. അതേസമയം, ടെസ്‌ലയുടെ മേലുള്ള സമ്മർദ്ദം രൂക്ഷമായതോടെ, ടെസ്‌ല ഓഹരികള്‍ ഇടിഞ്ഞു തുടങ്ങി. കൂടാതെ മസ്‌ക് ഈ വർഷം  44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാനായി , ടെസ്‌ലയുടെ ഓഹരികൾ വിറ്റിരുന്നു. 

ട്വിറ്റർ ഏറ്റെടുക്കലിനുശേഷം, മസ്‌ക് കൂടുതലും ട്വിറ്ററിൽ വ്യാപൃതനായിരുന്നു,  ഇത് ടെസ്‌ലയുടെ ഓഹരികൾ നഷ്‌ടപ്പെടാൻ കാരണമായി. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം മസ്‌കിന്റെ സമ്പത്ത് 137 ബില്യൺ ഡോളറായി കുറഞ്ഞു. വർഷം മുഴുവനും ടെസ്‌ലയുടെ നിരവധി ഓഹരികൾ മസ്‌ക് വിറ്റു. ഒരു എപി റിപ്പോർട്ട് അനുസരിച്ച്, ഏപ്രിൽ മുതൽ അദ്ദേഹം കുറഞ്ഞത് 23 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ടെസ്‌ല സ്റ്റോക്ക് വിറ്റഴിച്ചു, നിലവിൽ, ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, മസ്‌കിന്റെ സ്‌പേസ് എക്‌സ്‌പ്ലോറേഷൻ ടെക്‌നോളജീസ് കോർപ്പറേഷനിലെ ഓഹരി, 44.8 ബില്യൺ ഡോളറാണ്, 

അതേസമയം, പല കമ്പനികളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പരസ്യം ചെയ്യുന്നത് നിർത്തിയതിനാൽ മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ സുഗമമായില്ല. പരസ്യദാതാവിന്റെ നഷ്ടം കാരണം ട്വിറ്ററിന് "വരുമാനത്തിൽ വൻ ഇടിവ്" ഉണ്ടായതായി മസ്‌ക് പറഞ്ഞു. 
 

click me!