'ഞാന്‍ എന്‍റെ കുട്ടികളോട് ഒന്നും പറഞ്ഞിട്ടില്ല, എനിക്ക് രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല'; ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ കണ്ണീരിലാണ്

By Web TeamFirst Published Apr 19, 2019, 3:49 PM IST
Highlights

പൂജാരിയെ പോലെ നിരവധി ജീവനക്കാരാണ് ദില്ലിയിലും മുംബൈയിലുമായി സമരം ചെയ്യുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലും അവര്‍ ആവശ്യപ്പെടുന്നു. കുടിശ്ശികയായുളള ശമ്പളം എത്രയും പെട്ടെന്ന് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 23,000 ത്തോളം ജീവനക്കാര്‍ക്കാണ് ജെറ്റിന്‍റെ തകര്‍ച്ചയിലൂടെ തൊഴില്‍ നഷ്ടപ്പെട്ടത്.

കഴിഞ്ഞ 26 വര്‍ഷമായി ഭോജ പൂജാരി ജെറ്റ് എയര്‍വേസിന്‍റെ ബാഗേജ് ഹാന്‍ഡിലിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. പൂജാരിക്ക് കഴിഞ്ഞ മൂന്നര മാസമായി ശമ്പളം ലഭിക്കുന്നില്ല. ജെറ്റ് എയര്‍വേസ് താല്‍കാലികമായി അടച്ചുപൂട്ടിയതോടെ തൊഴിലും പ്രതിസന്ധിയിലായി. ഇനി എവിടേക്കാണ് പോകേണ്ടതെന്നും എന്താണ് ചെയ്യേണ്ടതെന്നും അദ്ദേഹത്തിന് അറിയില്ല.

'ഇത് ഇങ്ങനെ തുടരുകയാണെങ്കില്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല. തൊഴില്‍ തിരിച്ച് ലഭിക്കുമോ എന്നും അറിയില്ല.' പൂജാരി പറഞ്ഞു. 'എന്‍റെ കൈകള്‍ തളരുകയാണ്, എനിക്ക് രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. ഞാന്‍ എന്‍റെ കുട്ടികളോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അവര്‍ ചെറിയ കുട്ടികളാണ്, പക്ഷേ അവര്‍ക്ക് അറിയാം എന്തോ തെറ്റായി സംഭവിക്കുന്നുവെന്ന്' പൂജായി സമരത്തിനിടെ റോയിട്ടേഴ്സിനോട് പറഞ്ഞു. 

പൂജാരിയെ പോലെ നിരവധി ജീവനക്കാരാണ് ദില്ലിയിലും മുംബൈയിലുമായി സമരം ചെയ്യുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടലും അവര്‍ ആവശ്യപ്പെടുന്നു. കുടിശ്ശികയായുളള ശമ്പളം എത്രയും പെട്ടെന്ന് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. 23,000 ത്തോളം ജീവനക്കാര്‍ക്കാണ് ജെറ്റിന്‍റെ തകര്‍ച്ചയിലൂടെ തൊഴില്‍ നഷ്ടപ്പെട്ടത്. പൈലറ്റുമാരായ നിരവധി പേര്‍ക്ക് സ്പൈസ് ജെറ്റില്‍ ജോലി ലഭിച്ചെങ്കിലും ജെറ്റില്‍ ലഭിച്ചുകൊണ്ടിരുന്ന ശമ്പളത്തിന്‍റെ 30 മുതല്‍ 50 ശതമാനം വരെ കുറഞ്ഞ ശമ്പളമാണ് അവര്‍ വാഗ്ദാനം ചെയ്തത്. 

ജെറ്റ് എയര്‍വേസ് ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നും പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്നാണ് ഇപ്പോഴത്തെ ഭരണസമിതയായ ബാങ്ക് കണ്‍സോഷ്യം വ്യക്തമാക്കുന്നത്. 'ജെറ്റ് എയര്‍വേസിനെ രക്ഷിക്കൂ, ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കൂ' എന്ന ബാനറുകളും കൈയില്‍ പിടിച്ചാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. ജെറ്റ് എയര്‍വേസിന്‍റെ ഔദ്യോഗിക യൂണിഫോമിലെത്തി പ്രതിഷേധത്തില്‍ പങ്കെടുത്ത അവരില്‍ പലരും ഇടയ്ക്ക് കരയുന്നുണ്ടായിരുന്നു. 

click me!