ജെറ്റ് വീണു; അവസരം മുതലാക്കാന്‍ സ്പൈസ് ജെറ്റ്, ആകെ വിമാനങ്ങള്‍ 100 കടന്നേക്കും

By Web TeamFirst Published Apr 19, 2019, 12:32 PM IST
Highlights

നിലവില്‍ സ്പൈസ് ജെറ്റിന് 76 വിമാനങ്ങളാണുളളത്. പുതിയ 27 വിമാനങ്ങളും കൂടി കമ്പനിയോട് കൂട്ടിച്ചേര്‍ത്ത് എണ്ണം 100 മുകളിലെത്തിക്കാനാണ് സ്പൈസിന്‍റെ ശ്രമം. പുതിയ വിമാനങ്ങളെല്ലാം പാട്ടവ്യവസ്ഥയിലായിരിക്കും കമ്പനിയുടെ ഭാഗമാക്കുക.

മുംബൈ: സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് നിലം തൊട്ടതോടെ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് അവസരം മുതലാക്കാന്‍ തയ്യാറെടുത്ത് സ്പൈസ് ജെറ്റ്. ഉടന്‍ തന്നെ പുതുതായി 27 വിമാനങ്ങള്‍ സര്‍വീസിനെത്തിച്ച് വിപണി വിഹിതം വര്‍ധിപ്പിക്കാനാണ് സ്പൈസ് ജെറ്റ് പദ്ധതിയിടുന്നത്. 

നിലവില്‍ സ്പൈസ് ജെറ്റിന് 76 വിമാനങ്ങളാണുളളത്. പുതിയ 27 വിമാനങ്ങളും കൂടി കമ്പനിയോട് കൂട്ടിച്ചേര്‍ത്ത് എണ്ണം 100 മുകളിലെത്തിക്കാനാണ് സ്പൈസിന്‍റെ ശ്രമം. പുതിയ വിമാനങ്ങളെല്ലാം പാട്ടവ്യവസ്ഥയിലായിരിക്കും കമ്പനിയുടെ ഭാഗമാക്കുക.

നേരത്തെ 16 ബോയിംഗ് വിമാനങ്ങളും അഞ്ച് ബൊംബാര്‍ഡിയാര്‍ ക്യു 400 വിമാനങ്ങളും ലഭ്യമാക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നതാണ്. ജെറ്റ് സര്‍വീസ് നിര്‍ത്തിയതോടെ ഇതിനോടൊപ്പം ആറ് ബോയിംഗ് 737-800 വിമാനങ്ങള്‍ കൂടി കുടക്കീഴിലെത്തിക്കാന്‍ സ്പൈസ് കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. 

2005 ലായിരുന്നു സ്പൈസ് ജെറ്റിന്‍റെ ആദ്യ സര്‍വീസ്. പൂട്ടിപ്പോയ മോദിലുഫ്ത് എന്ന വിമാനക്കമ്പനിയെ ഏറ്റെടുത്ത് സ്പൈസ് ജെറ്റ് ആക്കിയത് വ്യവസായിയായ അജയ് സിങായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വലിയ അടുപ്പമുളള വ്യവസായിയാണ് അജയ് സിങ്. 2010 ല്‍ സണ്‍ ഗ്രൂപ്പ് മേധാവി കലാനിധി മാരന്‍ സ്പൈസ് ജെറ്റിനെ ഏറ്റെടുത്തിരുന്നു. എന്നാല്‍, കമ്പനി പിന്നീട് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ 2015 ല്‍ വീണ്ടും കമ്പനി അജയ് സിങിന്‍റെ കൈവശമെത്തി. 

click me!