ആറ് വര്‍ഷത്തിനിടെ പെട്രോളിന് എക്‌സൈസ് നികുതി വര്‍ധിച്ചത് 88 ശതമാനം, ഡീസലിന് 209 ശതമാനം

By Web TeamFirst Published Jul 25, 2021, 8:42 PM IST
Highlights

കേന്ദ്ര നികുതി, സംസ്ഥാന നികുതി, ഡീലര്‍ കമ്മീഷന്‍ എന്നിവ കൂട്ടിയാണ് രാജ്യത്ത് പെട്രോള്‍,ഡീസല്‍  വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിരക്കിലാണ് നികുതി ഈടാക്കുന്നത്.
 

ദില്ലി: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഡീസലിനും പെട്രോളിനും ഏര്‍പ്പെടുത്തിയ കേന്ദ്ര എക്‌സൈസ് നികുതിയില്‍ വന്‍ വര്‍ധന. പെട്രോളിന് 88 ശതമാനം നികുതി വര്‍ധനവും ഡീസലിന് 209 ശതമാനം നികുതി വര്‍ധനവുമാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഉണ്ടായത്. 2015 ജൂലൈ ഒന്നിന് പെട്രോളിന് ചുമത്തിയ കേന്ദ്ര എക്‌സൈസ് നികുതി 17.46 രൂപയായിരുന്നു. എന്നാല്‍ 2021 ജൂലൈ ഒന്നിന് കേന്ദ്ര എക്‌സൈസ് നികുതി 32.90 രൂപയാണ് ഈടാക്കുന്നത്. 2015ല്‍ സെസ് ഉള്‍പ്പെടെയാണ് 17.46 രൂപ നികുതി. ഈ കണക്ക് പ്രകാരം പെട്രോളിന് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കിയ എക്‌സൈസ് നികുതി ഇരട്ടിയോടടുത്ത് വര്‍ധിച്ചു.

ഡീസലിന് ഏര്‍പ്പെടുത്തിയ എക്‌സൈസ് നികുതിയിലാണ് വലിയ വര്‍ധനവുണ്ടായത്. 2015 ജൂലൈ ഒന്നിന് 10.26 രൂപയായിരുന്നു ഡീസലിന് ചുമത്തിയ കേന്ദ്ര എക്‌സൈസ് നികുതി. എന്നാല്‍, 2021 ജൂലൈ ഒന്നിന് 31.80 രൂപയാണ് കേന്ദ്ര എക്‌സൈസ് നികുതി ഈടാക്കുന്നത്. 209 ശതമാനമാണ് ആ കാലയളവില്‍ ഡീസല്‍ നികുതിയില്‍ വര്‍ധനവുണ്ടായത്. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 രൂപയും കടന്ന് വര്‍ധിക്കുകയാണ്. ഡീസല്‍ വിലയും 90 കടന്നു. 

കേന്ദ്ര നികുതി, സംസ്ഥാന നികുതി, ഡീലര്‍ കമ്മീഷന്‍ എന്നിവ കൂട്ടിയാണ് രാജ്യത്ത് പെട്രോള്‍,ഡീസല്‍  വില ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിരക്കിലാണ് നികുതി ഈടാക്കുന്നത്. കേരളത്തില്‍ പെട്രോളിന് സംസ്ഥാന നികുതി ഈടാക്കുന്നത് 22.68 രൂപയാണ്. ഡീസലിന് സംസ്ഥാനം 17.75 രൂപയും നികുതിയായി ഈടാക്കുന്നു. പെട്രോളിന്റെ മൊത്തം നികുതിയില്‍ ഏകദേശം 63 ശതമാനം കേന്ദ്രമാണ് ഈടാക്കുന്നത്. സംസ്ഥാനങ്ങളും ആനുപാതികമായി നികുതി വര്‍ധിപ്പിച്ചത് ജനത്തിന് ഇരുട്ടടിയായി.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് എഴുപത് ഡോളറായി ഉയര്‍ന്നു. എന്നാല്‍ 2008ലെ റെക്കോര്‍ഡ് വിലയായ 147 ഡോളറിന്റെ പകുതി മാത്രമാണ് ഇപ്പോഴും ബാരലിന് വില. 2008ല്‍ പോലും ഇന്ധന വില ഇത്രയധികം വര്‍ധിച്ചിരുന്നില്ല. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 307 ശതമാനമാണ് കേന്ദ്ര നികുതി വര്‍ധിപ്പിച്ചത്. ഇതിലൂടെ 1.71 ലക്ഷം കോടി രൂപയാണ് അധികമായി നികുതിയിനത്തില്‍ ലഭിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!