Excise duty : ഏക്സൈസ് ഡ്യൂട്ടി കമ്പനികള്‍ തന്നെ അടക്കണം; മദ്യകമ്പിനകള്‍ക്ക് ബവ്കോയുടെ നിര്‍ദ്ദേശം, വിവാദം

By Web TeamFirst Published Nov 28, 2021, 6:33 PM IST
Highlights

മദ്യത്തിന്‍റെ എക്സൈസ് ഡ്യൂട്ടി, വിതരണ കമ്പനികള്‍ തന്നെ മൂന്‍കൂര്‍  വഹിക്കണമെന്ന ബവ്കോയുടെ നിര്‍ദ്ദേശം വിവാദമാകുന്നു.പുതിയ തീരുമാനം ചെറിയ കമ്പനികളെ , കേരള വിപണിയില്‍ നിന്ന് അകറ്റുമന്നും കുത്തക കമ്പനികള്‍ മദ്യവില്‍പ്പന കയ്യടക്കമെന്നും ആക്ഷേപം ഉയരുന്നു. 

തിരുവനന്തപുരം: മദ്യത്തിന്‍റെ എക്സൈസ് ഡ്യൂട്ടി (Excise duty), വിതരണ കമ്പനികള്‍ തന്നെ മൂന്‍കൂര്‍ വഹിക്കണമെന്ന ബെവ്കോയുടെ(Bevco) നിര്‍ദ്ദേശം വിവാദമാകുന്നു.പുതിയ തീരുമാനം ചെറിയ കമ്പനികളെ , കേരള വിപണിയില്‍ നിന്ന് അകറ്റുമന്നും കുത്തക കമ്പനികള്‍ മദ്യവില്‍പ്പന കയ്യടക്കമെന്നും ആക്ഷേപം ഉയരുന്നു. എന്നാല്‍ വിതരണ കമ്പനികളുടെ യോഗത്തില്‍ വച്ച നിര്‍ദ്ദേശം മാത്രമാണിതെന്നും, ഉത്തരവിറക്കിയിട്ടില്ലെന്നും ബവ്കോ വിശദീകരിച്ചു

എക്സൈ്സ് ഡ്യൂട്ടിയും ഇറക്കുമതി ഡ്യൂട്ടിയും ബവ്കോ മുന്‍കൂട്ടി അടക്കുകയും. മദ്യം കൊണ്ടുവരാനുള്ള പെര്‍മിറ്റ് കമ്പനികള്‍ക്ക് നല്‍കുന്ന രീതിയുമാണ് കേരളത്തില്‍ നിലവിലുള്ളത്. ഏപ്രില്‍ ഒന്നു  മുതല്‍ ഈ രീതിക്ക് മാറ്റം വരുത്താനാണ് ബെവ്കോ തയ്യാറെടുക്കുന്നത്. കഴിഞ്ഞ ദിവസം ബവ്കോ ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത കമ്പിനകളുടെ യോഗത്തില്‍ എംഡി നയം മാറ്റം വ്യക്തമാക്കി.  പുതിയ സാമപത്തിക വര്‍ഷം മുതല്‍ മദ്യം വിതരണം ചെയ്യുന്ന കമ്പിനകള്‍ തന്നെ എക്സൈസ് ഡ്യൂട്ടിയും ഇറക്കുമതി ഡ്യൂട്ടിയും അടച്ച് പെര്‍മിറ്റ് എടുക്കണം. 

മദ്യവില്‍പ്പനക്കു ശേഷം ക്വട്ടേഷന്‍ തുക നല്‍കുന്നതിനൊപ്പം ഇത് മടക്കിനല്‍കും. പുതിയ നയം നടപ്പിലാകുന്നതോടെ ചെറുകിട കമ്പനികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാകും. ഉദാഹരണത്തിന്  ഒരു കേയ്സ് ബ്രാന്‍ഡിക്ക് ആയിരം രൂപയോളം എക്സൈസ് ഡ്യൂട്ടി അടക്കണം. രണ്ടര ലക്ഷം കേയ്സ് വില്‍പ്പനയുള്ള വില കുറഞ്ഞ ബ്രാന്‍ഡ് കമ്പിന കോടികള്‍ മുന്‍കൂറായി അടക്കേണ്ടി വരും. ഇത് പിന്നീട് തിരിച്ചു കിട്ടുമെങ്കിലും ചെറുകിട കമ്പനികള്‍ക്ക്  ഇതിനുള്ള   സാമ്പത്തിക സ്ഥിതിയുണ്ടാകില്ല. 

സംസ്ഥാനത്തെ ബവ്കോ വഴിയുള്ള മദ്യവില്‍പ്പന വന്‍കിട  കുത്തകകളുടേ നിയന്ത്രണത്തിലേക്ക് എത്തിക്കാനുള്ള  നീക്കമാണിതിന് പിന്നിലെന്ന ആക്ഷേപം ശക്തമാവുകയാണ്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുളള സാമ്പത്തിക പ്രതിസനധി മറികടക്കാനുള്ള നിര്‍ദ്ദശമാണ് മദ്യ വിതരണകമ്പനികള്‍ക്കു മുന്നില്‍ വച്ചതെന്ന് ബവ്കോ വിശദമാക്കുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടെല്ലെന്നും ഉത്തരവിറക്കിയിട്ടില്ലെന്നും ബെവ്കോ അറിയിച്ചു.

click me!