petrol, diesel price | ക്രൂഡ് ഓയിൽ വിലയിടവ്: പെട്രോൾ-ഡീസൽ വില കുറയുമോ? റിപ്പോർട്ടുകളിങ്ങനെ

By Web TeamFirst Published Nov 28, 2021, 4:43 PM IST
Highlights

ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് വരുംദിവസങ്ങളിലും തുടർന്നാലേ ഇന്ധന വില കുറയ്ക്കൂവെന്ന് റിപ്പോർട്ട്. 

ദില്ലി: ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് വരുംദിവസങ്ങളിലും തുടർന്നാലേ ഇന്ധന വില കുറയ്ക്കൂവെന്ന് റിപ്പോർട്ട്. ആഭ്യന്തര ഇന്ധന വില 15 ദിവസത്തെ ശരാശരി വിലയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നതെന്നതാണ് ഇതിന് കാരണമായി പറയുന്നത്.

നവംബർ 25 വരെ ആഗോള ക്രൂഡ് ഓയിൽ വില 80-82 ഡോളറായിരുന്നു. നവംബർ 26 ന് ഇത് ഇടിഞ്ഞ് 72 ഡോളറിലെത്തി. കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ കുറിച്ചുള്ള ആശങ്കയാണ് ഇതിന് പ്രധാന കാരണമായത്. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ എന്നിവ പെട്രോൾ, ഡീസൽ വില ദിവസം തോറും ആഗോള വിലയെ അടിസ്ഥാനമാക്കി മാറ്റാറുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നാഴ്ചയായി മാറ്റമുണ്ടായിട്ടില്ല.

നേരത്തെ പെട്രോളിന്റെ എക്സൈസ് തീരുവയിൽ അഞ്ച് രൂപയും ഡീസലിന്റെ എക്സൈസ് തീരുവയിൽ പത്ത് രൂപയും കേന്ദ്രം കുറച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചയായി വിലയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഇതിനിടെ പലപ്പോഴും ഇടിവുണ്ടായി. നവംബർ നാലിനാണ് അവസാനമായി പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റിയത്. ഇന്ന് ദില്ലിയിൽ 103.97 രൂപയാണ് പെട്രോൾ വില. ഡീസലിന് 94.14 രൂപയാണ് വില. മുംബൈയിൽ 109.98 രൂപയാണ് പെട്രോളിന്. ഡീസലിന് 94.14 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 106.36 രൂപയാണ് വില. ഡീസൽ വില ലിറ്ററിന് 93.47 രൂപയുമാണ്. 

ദത്ത് വിവാദം; അനുപമയ്ക്കും അജിത്തിനുമെതിരെ സൈബര്‍ ആക്രമണം, സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് വ്യാജ പ്രചാരണം

ഉൽപ്പാദനം നിയന്ത്രിച്ച് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില താഴാതെ നിലനിർത്തിയ ഒപെക് രാജ്യങ്ങൾക്ക് വൻ തിരിച്ചടിയാണ് പുതിയ കൊവിഡ് ഭീതി ഉണ്ടാക്കിയിരിക്കുന്നത്. ക്രൂഡ് ഓയിൽ വില നവംബർ 10 ന് 85.40 ഡോളറായിരുന്നു. പിന്നീട് ഏറ്റക്കുറച്ചിലുണ്ടായി. നവംബർ 19 ന് 78 ഡോളറിലേക്ക് താഴ്ന്ന ശേഷം കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന് ബാരലിന് 82 ഡോളർ എന്ന നിലയിലായിരുന്നു. 26 ന് കൊവിഡ് ഭീതി ഉയർന്നതോടെ ബാരലിന്റെ വില കുത്തനെ താഴ്ന്നു. 82.20 ഡോളർ എന്ന നിലയിൽ നിന്ന് 72.67 ഡോളറിലേക്കാണ് ഒരു ബാരലിന്റെ വില കുറഞ്ഞത്.

click me!