കർഷക സമരം നീളുന്നു; ടെലികോം കമ്പനികൾക്ക് ആശങ്ക, 1500 ടവറുകൾ തകർത്തതായി റിപ്പോർട്ട്

By Web TeamFirst Published Dec 28, 2020, 11:40 PM IST
Highlights

കർഷക പ്രക്ഷോഭം അനിശ്ചിതമായി നീളുന്നത് സർക്കാരുകൾക്ക് തലവേദനയാകുന്നു. പുതിയ നിയമം അംബാനിക്കും അദാനിക്കും വേണ്ടിയാണ് എന്ന വാദത്തെ പിൻപറ്റി അക്രമ സംഭവങ്ങളും നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

ദില്ലി: കർഷക പ്രക്ഷോഭം അനിശ്ചിതമായി നീളുന്നത് സർക്കാരുകൾക്ക് തലവേദനയാകുന്നു. പുതിയ നിയമം അംബാനിക്കും അദാനിക്കും വേണ്ടിയാണ് എന്ന വാദത്തെ പിൻപറ്റി അക്രമ സംഭവങ്ങളും നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പഞ്ചാബിൽ 1500 ഓളം മൊബൈൽ ടവറുകൾ തകർത്തുവെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഇതേ തുടർന്ന് പലയിടത്തും സർവീസുകൾ തടസപ്പെട്ടു.

മുകേഷ് അംബാനിയുടെ ജിയോയും ഗൗതം അദാനിയുമാണ് നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ എന്ന ആരോപണങ്ങൾ ഉയരുന്നതാണ്  കർഷകരുടെ പ്രകോപനമെന്നാണ് റിപ്പോർട്ട്. ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചും പ്രതിഷേധം തുടരുകയാണ്. 1600 ടവറുകൾ തകർത്തെന്നാണ് ടവർ ഇൻഫ്രാസ്ട്രക്ചർ അസോസിയേഷൻ ആരോപിക്കുന്നത്. 

ജിയോ ജീവനക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി എന്നും ആരോപണമുണ്ട്. കർഷകരോട് സമാധാനം പാലിക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടു. ജിയോക്ക്‌ സംസ്ഥാനത്ത് 9000 ടവറുകൾ ഉണ്ട്. പ്രതിഷേധക്കാർ ജിയോ ഫൈബർ കേബിളുകൾ തകർത്തു. ഒരു ടവറിലെ ജനറേറ്റർ അക്രമികൾ എടുത്ത് ഗുരുദ്വാരയ്‌ക്ക്‌ നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.

പ്രതീകാത്മക ചിത്രം

click me!