
ന്യൂഡല്‍ഹി: വാഹനങ്ങളിലെ ഫാസ്റ്റാഗുകൾ സംബന്ധിച്ച് സുപ്രധാന അറിയിപ്പുമായി നാഷണല്‍ ഹൈവേ അതോറിറ്റി. വാഹനങ്ങളില്‍ ഫാസ്റ്റാഗ് ഉള്ളവര്‍ അതിന്റെ കെ.വൈ.സി നിബന്ധനകള്‍ (Know Your Customer) പൂര്‍ത്തിയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇനിയും കൈ.വൈ.സി വിവരങ്ങള്‍ നല്‍കിയിട്ടില്ലെങ്കില്‍ വാഹന ഉടമകള്‍ എത്രയും വേഗം ഫാസ്റ്റാഗ് ഇഷ്യു ചെയ്തിരിക്കുന്ന ബാങ്കിനെയോ ഏജന്‍സിയെയോ സമീപിച്ച് അത് പൂര്‍ത്തിയാക്കണം.
ജനുവരി 31ന് മുമ്പ് കെ.വൈ.സി പൂര്‍ത്തിയാക്കാത്ത ഫാസ്റ്റാഗുകള്‍ പ്രവര്‍ത്തനരഹിതമാവുമെന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചു. ഫാസ്റ്റാഗുകളില്‍ ബാലന്‍സ് ഉണ്ടെങ്കിലും കെ.വൈ.സി പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ അവ ഡീ ആക്ടിവേറ്റ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫാസ്റ്റാഗുകള്‍ പ്രവര്‍ത്തനരഹിതമാവുന്നത് കൊണ്ട് ടോള്‍ പ്ലാസകളിലും മറ്റും ഉണ്ടാവാന്‍ സാധ്യതയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നിശ്ചിത തീയ്യതിക്കകം കെ.വൈ.സി പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശം.
അതേസമയം ഫാസ്റ്റാഗ് വഴിയുള്ള ഇലക്ട്രോണിക് ടോള്‍ ശേഖരണ സംവിധാനത്തിന്റെ കാര്യക്ഷമത കൂടുതല്‍ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള മറ്റ് നടപടികളും ദേശീയപാതാ അതോറിറ്റി സ്വീകരിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു വാഹനത്തിന് ഒരു ഫാസ്റ്റാഗ് എന്ന തരത്തില്‍ ക്രമീകരിച്ച് ടോള്‍ പ്ലാസകളിലൂടെയുള്ള യാത്ര സുഗമാക്കാനാണ് നീക്കം. ഒരു വാഹനത്തിന് ഇഷ്യൂ ചെയ്ത ഫാസ്റ്റാഗ് മറ്റൊരു വാഹനത്തിൽ ഉപയോഗിക്കുന്നതും, അതുപോലെ ഒരു വാഹനത്തിന് ഒന്നിലധികം ഫാസ്റ്റാഗുകൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു വാഹനത്തിന്റെ പേരില്‍ ഒന്നിലധികം ഫാസ്റ്റാഗുകൾ ഇഷ്യു ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോഗിക്കുന്ന ഒരെണ്ണം ഒഴികെ മറ്റ് ടാഗുകൾ നശിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഓരോ വാഹനങ്ങളുടെയും പേരില്‍ നിരവധി ഫാസ്റ്റാഗുകൾ ഇഷ്യു ചെയ്യപ്പെടുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന് പുറമെ ചിലര്‍ ബോധപൂര്‍വം ഫാസ്റ്റാഗുകള്‍ വാഹനങ്ങളുടെ മുന്‍ ഗ്ലാസുകളില്‍ പതിപ്പിക്കാതിരിക്കുകയും ഇത് കാരണം ടോള്‍ പ്ലാസകളില്‍ അനാവശ്യ കാലാതാമസം ഉണ്ടാക്കി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...