അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിയതാണ് ഇന്ത്യയെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത്.
യുഎസ് കടുത്ത തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായയി ഒമാനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ നിര്‍ണ്ണായക ഉടമ്പടി യാഥാര്‍ത്ഥ്യമായത്.
എന്തുകൊണ്ട് ഒമാന്‍?
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തിയതാണ് ഇന്ത്യയെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് അമേരിക്ക. എന്നാല്‍ റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിലെ അതൃപ്തിയും മറ്റും ചൂണ്ടിക്കാട്ടിയാണ് യുഎസ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. ഈ സാഹചര്യത്തില്‍ അമേരിക്കയെ മാത്രം ആശ്രയിക്കാതെ, പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര ബന്ധം സ്ഥാപിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വസ്ത്രങ്ങള്‍, വാഹന ഘടകങ്ങള്‍, ലോഹങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ കയറ്റുമതിയെ അമേരിക്കന്‍ നിലപാട് ദോഷകരമായി ബാധിച്ചിരുന്നു.
കരാറിലെ പ്രധാന നേട്ടങ്ങള്‍:
നികുതിയില്ലാത്ത വ്യാപാരം: ഇന്ത്യയില്‍ നിന്നുള്ള 98 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഇനി നികുതിയില്ലാതെ ഒമാനിലേക്ക് കയറ്റി അയക്കാം.
പുതിയ തൊഴിലവസരങ്ങള്‍: ഐടി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഈ കരാര്‍ തുറന്നുനല്‍കും.
മരുന്ന് വിപണി: ഗുണനിലവാരമുള്ള ഇന്ത്യന്‍ മരുന്നുകള്‍ക്ക് ഇനി ഒമാനില്‍ പ്രത്യേക പരിശോധനകള്‍ കൂടാതെ തന്നെ വില്‍പന നടത്താം. ഇത് ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ക്ക് വലിയ നേട്ടമാകും.
തന്ത്രപരമായ സ്ഥാനം: ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് ഒമാന്റെ സ്ഥാനം. ഇത് ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും വ്യാപാരത്തിനും ഏറെ ഗുണകരമാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യ ഒപ്പിടുന്ന രണ്ടാമത്തെ വലിയ വ്യാപാര കരാറാണിത്. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജിസിസിയുമായിമൊത്തമായി കരാറിലെത്താന്‍ വൈകുന്ന സാഹചര്യത്തില്‍, യുഎഇക്ക് പിന്നാലെ ഒമാനുമായി നേരിട്ട് കരാറിലൊപ്പിട്ടത് ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

