
ഉത്സവ സീസണില്‍ ലാപ്‌ടോപ്പുകള്‍, എസികള്‍, മൈക്രോവേവ് ഓവനുകള്‍ എന്നിവ വാങ്ങാനായി വ്യക്തിഗത വായ്പകള്‍ എടുക്കുന്നത് ഒഴിവാക്കുകയാണ് നല്ലതെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. റെഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയ ഉപഭോക്തൃ ഉത്പന്നങ്ങള്‍ വാങ്ങാന്‍ വ്യക്തിഗത വായ്പകളെ ആശ്രയിക്കുന്നത് സാമ്പത്തിക ഭദ്രതയ്ക്ക് ദോഷകരമായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പഴയതിലും എളുപ്പത്തില്‍ വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, 'നോ-കോസ്റ്റ് ഇഎംഐ' , 'ബൈ നൗ പേ ലേറ്റര്‍' പോലുള്ള സൗകര്യങ്ങള്‍ വഴി പണം ലഭ്യമാണെങ്കിലും, ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാകും അഭികാമ്യം. ഇത്തരം ചെലവുകള്‍ക്ക് വേണ്ടി മുന്‍കൂട്ടി ആസൂത്രണം ചെയ്ത് പണം കണ്ടെത്തുന്നതായിരിക്കും നല്ലത്. വ്യക്തിഗത വായ്പകള്‍ വഴിയും എന്‍ബിഎഫ്‌സികള്‍ വഴിയുമുള്ള വായ്പകള്‍ക്ക് സാധാരണയായി 12% മുതല്‍ 30% വരെ പലിശ ഈടാക്കാറുണ്ട്. കൂടാതെ, വായ്പ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് അടച്ചു തീര്‍ക്കുകയാണെങ്കില്‍ 3% മുതല്‍ 5% വരെ പിഴയും ഉണ്ടാകും.
ഉപകരണങ്ങള്‍ വാങ്ങാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നതിനെ വിദഗ്ധര്‍ അത്രയധികം നിരുത്സാഹപ്പെടുത്തുന്നില്ല. കാരണം, ക്രെഡിറ്റ് കാര്‍ഡ് വഴി റിവാര്‍ഡുകളും കാഷ്ബാക്കും ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, തിരിച്ചടവ് കൃത്യ സമയത്ത് നടത്താന്‍ സാമ്പത്തിക അച്ചടക്കം അത്യാവശ്യമാണ്. വലിയ തുക ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ ആയി മാറ്റുന്നത് നല്ലതല്ല. ഇത്തരം വായ്പകള്‍ക്ക് പ്രോസസിങ് ഫീസിന് പുറമെ, 18% ജിഎസ്ടി കൂടി നല്‍കണം. ക്രെഡിറ്റ് കാര്‍ഡ് ലോണുകള്‍ കാലാവധിക്ക് മുന്‍പ് അടച്ചുതീര്‍ക്കുകയാണെങ്കില്‍ 3% മുതല്‍ 5% വരെ പിഴയും അതിന്റെ 18% ജിഎസ്ടിയും നല്‍കേണ്ടി വരും. ചില ബാങ്കുകള്‍ വായ്പ മുന്‍കൂട്ടി അടച്ചു തീര്‍ക്കാന്‍ അനുവദിക്കാറുമില്ല.
ആറ് മാസത്തെ ചെലവുകള്‍ക്കും ഇഎംഐകള്‍ക്കും തുല്യമായ പണം എപ്പോഴും കൈവശം കരുതുക എന്നതാണ് ഗുണകരം. സാമ്പത്തിക സ്ഥിതി അനുസരിച്ച് ഈ തുകയില്‍ മാറ്റങ്ങള്‍ വരാം.