Latest Videos

നികുതിവെട്ടിപ്പ് തടയാൻ ലക്കി ബിൽ പദ്ധതിയുമായി ധനവകുപ്പ്,സമ്മാനങ്ങൾക്കായി നീക്കിയിരുപ്പ് അഞ്ച് കോടി

By Web TeamFirst Published Jul 20, 2022, 6:05 AM IST
Highlights

ചെറിയ തുകയാണെങ്കിലും ബിൽ വാങ്ങി ഫോട്ടോ എടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യാം.മറുപടിയായി ഉടൻ ഒരു നമ്പർ ഫോണിലേക്ക് എത്തും. നറുക്കെടുപ്പിൽ വിജയി ആയാൽ ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് സമ്മാനം

കൊച്ചി : നികുതി വെട്ടിപ്പ് തടഞ്ഞ് ബിൽ വാങ്ങൽ പ്രോത്സാഹിപ്പിക്കാൻ ഭാഗ്യക്കുറിയുമായി ധനവകുപ്പ്.നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് 25ലക്ഷം രൂപവരെ സമ്മാനം കിട്ടുന്ന പദ്ധതിയാണ് തയ്യാറാക്കുന്നത്.ലക്കിബിൽ പദ്ധതി ഓണത്തിന് മുമ്പ് തന്നെ പ്രബല്യത്തിൽ വരും

ഉണരു ഉപഭോക്താവെ ഉണരു, എന്നൊക്കെ പറഞ്ഞാലും ബിൽ ഇല്ലാതെയുള്ള കച്ചവടം അവസാനിപ്പിക്കാൻ ഉപഭോക്താക്കൾ അത്രകണ്ട് ഉണർന്നിട്ടില്ല.നികുതിപണമായി എത്തേണ്ട കോടികൾ ഖജനാവിലേക്ക് എത്താതിരിക്കുമ്പോൾ ഉപഭോക്താക്കളെ ഒന്നു കൂടി ഒന്നുണർത്താനാണ് സർക്കാരിന്‍റെ ലക്കി ബിൽ പദ്ധതി.ചെറിയ പരിപാടിയല്ല ശാസ്ത്രീയമായ ഭാഗ്യപരീക്ഷണമാണ് സർക്കാർ ആലോചിക്കുന്നത്.

സംസ്ഥാന സർക്കാരിന്‍റെ ജിഎസ്ടി വിഭാഗം പ്രത്യേക ആപ്പ് തയ്യാറാകുകയാണ്.ചെറിയ തുകയാണെങ്കിലും ബിൽ വാങ്ങി ഫോട്ടോ എടുത്ത് ആപ്പിൽ അപ്ലോഡ് ചെയ്യാം.മറുപടിയായി ഉടൻ ഒരു നമ്പർ ഫോണിലേക്ക് എത്തും.ഇങ്ങനെ ഓരോ അപ്ലോഡിംഗിലും കിട്ടുന്ന നമ്പരുകൾ ആപ്പിൽ തന്നെ സൂക്ഷിക്കാം. നറുക്കെടുപ്പിൽ വിജയി ആയാൽ ഫോണിൽ സന്ദേശമെത്തും.ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ഏറ്റവും വലിയ സമ്മാനമായി ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

നറുക്കെടുപ്പ് മാസത്തിൽ ഒരിക്കൽ വേണോ അതോ രണ്ട് മാസത്തിലൊരിക്കൽ വേണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.10ലക്ഷം,അഞ്ച് ലക്ഷം,ഒരു ലക്ഷം രൂപ,പിന്നെ താഴെക്കും ക്യാഷ് പ്രൈസ് ഒപ്പം ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസത്തിനുള്ള കൂപ്പണ്‍,വിനോദ യാത്രക്കുള്ള കൂപ്പണ്‍ അങ്ങനെ സമ്മാനങ്ങൾ പലവിധം.പദ്ധതിക്ക് ഭാഗ്യക്കുറി വകുപ്പിന്‍റെ അനുമതി തേടാനും തീരുമാനമായി. 

യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ടൂറിസം വകുപ്പ് ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പിലൂടെ ഉപഭോക്താക്കളെ കണ്ടെത്തി സമ്മാനം നൽകിയിരുന്നു.എന്നാൽ ഒന്നാംപിണറായി സർക്കാർ വന്നപ്പോൾ ജികെഎസ്എഫ് അവസാനിപ്പിച്ചു. ലക്കി ബിൽ പദ്ധതി ധനവകുപ്പ് നേരിട്ടാണ് നടപ്പിലാക്കുന്നത്.സമ്മാനങ്ങൾക്കായി അഞ്ച് കോടി രൂപവരെ നീക്കിവയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
 

click me!