KN Balagopal|കെ റെയിൽ: സിൽവർ ലൈനിനുള്ള നിക്ഷേപം പല മടങ്ങായി ജനങ്ങളിലെത്തും: മന്ത്രി കെഎൻ ബാലഗോപാൽ

By Kiran GangadharanFirst Published Nov 19, 2021, 9:47 AM IST
Highlights

പദ്ധതിക്ക് 60000 കോടി രൂപയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വേഗതയേറിയ ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുമ്പോൾ അതിന്റെ നിക്ഷേപം ജനങ്ങളിലേക്ക് വിതരണം ചെയ്യപ്പെടും. പല തരത്തിൽ പല മടങ്ങായി ആ പണം ജനങ്ങളിലേക്ക് എത്തും. ഇത്തരം വലിയൊരു പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ അത് കേരളത്തിൽ നിരവധി തൊഴിലവസരമുണ്ടാക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ പ്രൊജക്ട് (silverline project)കേരളത്തിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണെന്ന് സംസ്ഥാന ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ(kn balagopal). ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖ പരിപാടിയിൽ കെ റെയിലുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ റെയിലിന്റെ സിൽവർ ലൈൻ പദ്ധതിയുടെ ചെലവാകുന്ന തുക സംസ്ഥാനത്തെ ജനങ്ങൾക്കാണ് കിട്ടുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'പദ്ധതിക്ക് 60000 കോടി രൂപയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വേഗതയേറിയ ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുമ്പോൾ അതിന്റെ നിക്ഷേപം ജനങ്ങളിലേക്ക് വിതരണം ചെയ്യപ്പെടും. പല തരത്തിൽ പല മടങ്ങായി ആ പണം ജനങ്ങളിലേക്ക് എത്തും. ഇത്തരം വലിയൊരു പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ അത് കേരളത്തിൽ നിരവധി തൊഴിലവസരമുണ്ടാക്കും,' - അദ്ദേഹം പറഞ്ഞു.

'സമ്പദ് വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകുമ്പോൾ സാമ്പത്തിക പ്രവർത്തനം ഉണ്ടാകണം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം റൂസ്‌വെൽറ്റ് അമേരിക്കയിൽ നടപ്പിലാക്കിയ അടിസ്ഥാന സൗകര്യ വികസനം അമേരിക്കയുടെ വികസനത്തിൽ വലിയ പങ്കുവഹിച്ചു. ഇന്ത്യയിൽ തന്നെ ദില്ലി മെട്രോ വരുമ്പോൾ വലിയ തോതിൽ വിമർശനം ഉണ്ടായി. ഇപ്പോൾ അത് ഗുണമായില്ലേ. ഹരിയാനയിൽ നിന്നും യുപിയിൽ നിന്നും എളുപ്പത്തിൽ ദില്ലിയിലേക്ക് എത്താനാവുന്നു. ഭാവിയിൽ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് എളുപ്പത്തിൽ പോയിവരാനാകുന്നത് ചെയ്യാനാവുന്നത് പല തരത്തിൽ ആളുകൾക്ക് ഗുണം ചെയ്യും. കേരളത്തിൽ നഗരവത്കരണം വേഗത്തിൽ നടക്കുന്നുണ്ട്. അപ്പോൾ ഇത്തരമൊരു സൗകര്യം നല്ലതായിരിക്കും. പബ്ലിക് ട്രാൻസ്പോർട്ട് നല്ലതാണ്. എന്നാൽ രാഷ്ട്രീയമായി കണണ്ണടച്ച് എതിർക്കുന്ന നിലപാട് ഇപ്പോൾ വരുന്നുണ്ട്. അത് കേരളത്തിന്റെ നല്ല ഭാവിക്ക് നല്ലതല്ല. അത്തരമൊരു സമീപനമല്ല വേണ്ടത്.

click me!