ധനമന്ത്രി നിർമ്മല സീതാരാമന്‍ വിളിച്ച് ചേര്‍ത്ത ബാങ്ക് മേധാവികളുടെ ചര്‍ച്ച ആരംഭിച്ചു

By Web TeamFirst Published Dec 28, 2019, 12:36 PM IST
Highlights

ബജറ്റിന് മുന്നോടിയായി നടത്തുന്ന ചർച്ചയിൽ ഇതിനോടകം സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നടപടികൾ വിപണിയിൽ എന്ത് പ്രതിഫലനം വരുത്തിയെന്നാവും പ്രധാനമായും ചോദിക്കുക.

ദില്ലി: രാജ്യത്തെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പൊതുമേഖലാ ബാങ്ക് മേധാവികളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ ദില്ലിയില്‍ ചർച്ച ആരംഭിച്ചു. ബജറ്റിന് മുന്നോടിയായി നടത്തുന്ന ചർച്ചയിൽ ഇതിനോടകം സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നടപടികൾ വിപണിയിൽ എന്ത് പ്രതിഫലനം വരുത്തിയെന്നാവും പ്രധാനമായും ചോദിക്കുക.

വ്യവസായ രംഗത്തെയും സാമ്പത്തിക രംഗത്തെയും വിദഗ്ദ്ധരോടും സംസ്ഥാന ധനവകുപ്പ് മന്ത്രിമാരോടും നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും. സാമ്പത്തിക വളർച്ചയെ നിലവിലെ തളർച്ചയിൽ നിന്ന് കരകയറ്റുകയെന്ന വലിയ വെല്ലുവിളിയാണ്
ധനമന്ത്രിക്ക് മുന്നിലുള്ളത്.

വിവിധ സാമ്പത്തിക മേഖലകളിലേക്ക് ബാങ്കുകൾ വഴി വിതരണം ചെയ്യാനാവുന്ന പണത്തിന്‍റെ അളവ്, റിസർവ് ബാങ്കിന്‍റെ നിർദ്ദേശ പ്രകാരം എത്രത്തോളം കാര്യക്ഷമമായി വിപണിയിലേക്ക് പണം എത്തിക്കാനായി, നഷ്ടത്തിലായ കമ്പനികളിൽ നിന്ന് അവരെടുത്ത വായ്പ തിരിച്ചടക്കാൻ ബാങ്കുകൾക്ക് സാധിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാവും മന്ത്രി ഇന്നത്തെ യോഗത്തിൽ ചോദിക്കുക.

റിസർവ് ബാങ്കിന്‍റെ റിപ്പോർട്ട് പ്രകാരം ബാങ്കുകളുടെ നിഷ്ക്രിയ വായ്പകളിൽ 2019 ൽ കുറവ് വന്നിട്ടുണ്ട്. 2018 ൽ 11.2 ശതമാനമായിരുന്നത് സെപ്തംബറിൽ 9.1 ശതമാനമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്.
 

click me!