
ബെംഗളൂരു: ഇ-കൊമേഴ്സ് രംഗത്ത് തങ്ങളുടെ ശക്തി വർധിപ്പിച്ച് മുന്നോട്ട് പോവുകയാണ് ഫ്ലിപ്‌കാർട്ട്. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഈ കമ്പനി തൊഴിൽ നൽകിയത് 23000 പേർക്കാണ്. 2021 മാർച്ച് മാസം മുതൽ മെയ് മാസം വരെയുള്ള കണക്കാണിത്. ഇന്ത്യയിലെമ്പാടും വിവിധ വിഭാഗങ്ങളിലായി ഡെലിവറി എക്സിക്യുട്ടീവുമാർ അടക്കമുള്ളവർക്കാണ് തൊഴിൽ കിട്ടിയത്.
മഹാമാരിയെ ഭയന്ന് ആളുകൾ വീടുകളിൽ തന്നെ കഴിയുന്നതിനാൽ ഇ-കൊമേഴ്സിനെ ആശ്രയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്ന് ഫ്ലിപ്‌കാർട്ട് സീനിയർ വൈസ് പ്രസിഡന്റ് ഹേമന്ത് ബദ്രി പറയുന്നു. തങ്ങൾ മുഖ്യ പരിഗണന നൽകുന്നത് ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനാണെന്നും അതൊടൊപ്പം ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
വിതരണ ശൃംഖലയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ ജീവനക്കാർക്കെല്ലാം മാഹാമാരിക്കാലത്ത് പാലിക്കേണ്ട കരുതലിനെ കുറിച്ച് പരിശീലനവും കമ്പനി നൽകുന്നുണ്ട്. പുതുതായി ജോലിക്കെടുത്ത എല്ലാവർക്കും ആരോഗ്യവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona