സ്വർണാഭരണ ഹാൾമാർക്കിം​ഗ്: തീയതി നീട്ടി കേന്ദ്ര സർക്കാർ

By Web TeamFirst Published May 25, 2021, 5:23 PM IST
Highlights

സ്വർണ വ്യാപാരികൾ മാത്രമാണ് ഹാൾ മാർക്കിംഗ് ലൈസൻസ് എടുക്കേണ്ടതെന്നും, നിർമ്മാതാവോ, സ്വർണപ്പണിക്കാരോ ലൈസൻസിന്റെ പരിധിയിൽ വരുന്നില്ലെന്ന് കേന്ദ സർക്കാർ വ്യക്തമാക്കി. 

ദില്ലി: സ്വർണാഭരണങ്ങൾക്ക് ഹാൾ മാർക്കിംഗ് നിർബന്ധമാക്കുന്നത് 2021 ജൂൺ 15 വരെ നീട്ടിയതായി കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. സ്വർണ വ്യാപാര സംഘടനകളുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്. വിഷയത്തിൽ തുടർ നടപടികൾക്കായി ബിഐഎസ് ഉദ്യോഗസ്ഥരും ജ്വല്ലറി അസോസിയേഷനുകളും അടങ്ങിയ സംയുക്ത സമിതി രൂപീകരിച്ചതായും അറിയിച്ചു.

കൊവിഡ് അടച്ചിടൽ സാഹചര്യം കണക്കിലെടുത്ത് തീരുമാനം ആറ് മാസമെങ്കിലും നീട്ടി വക്കേണ്ടതായിരുന്നെന്നും അടിസ്ഥാന വികസനത്തിന് കൂടുതൽ സമയം വേണ്ടി വരുമെന്നും ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക് കൗൺസിൽ (GJC) ദേശീയ ഡയറക്ടർ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.

സ്വർണ വ്യാപാരികൾ മാത്രമാണ് ഹാൾ മാർക്കിംഗ് ലൈസൻസ് എടുക്കേണ്ടതെന്നും, നിർമ്മാതാവോ, സ്വർണപ്പണിക്കാരോ ലൈസൻസിന്റെ പരിധിയിൽ വരുന്നില്ലെന്ന് കേന്ദ സർക്കാർ വ്യക്തമാക്കി. 20ct, 24ct സ്വർണാഭരണങ്ങൾ കൂടി ഹാൾമാർക്കിംഗ് നടത്തുന്നതിന് സർക്കാർ അംഗീകരിച്ചേക്കുമെന്ന് സ്വർണ വ്യാപാര സംഘടനകളുടെ പ്രതീക്ഷ.
 
അടുത്ത മാസം അവസാനത്തോടെ 400 പുതിയ ഹാൾമാർക്കിംഗ് സെന്ററുകൾ വരുമെന്നും, ഒരു സാധാരണ ഹാൾമാർക്കിംഗ് സെന്റർ സ്ഥാപിക്കുന്നതിന് 70-80 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമാണെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഹാൾമാർക്കിംഗ് സെന്ററുകളുടെ പ്രസിഡന്റ് ഉദയ് ഷിൻഡെ പറഞ്ഞു.

click me!