Ford returns : കാർ നിർമ്മാണവും വിൽപ്പനയും അവസാനിപ്പിച്ച് ഇന്ത്യ വിട്ട ഫോർഡ് മടങ്ങിവരുന്നു; ലക്ഷ്യം ഇത്

Published : Feb 12, 2022, 09:42 PM IST
Ford returns  : കാർ നിർമ്മാണവും വിൽപ്പനയും അവസാനിപ്പിച്ച് ഇന്ത്യ വിട്ട ഫോർഡ് മടങ്ങിവരുന്നു; ലക്ഷ്യം ഇത്

Synopsis

ഇന്ത്യയിൽ വാഹനം നിർമ്മിക്കാൻ ഫോർഡ് തിരിച്ചുവരുന്നു. ഇക്കുറി ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനാണ് കയറ്റുമതി ലക്ഷ്യം മുൻനിർത്തി കമ്പനി ഇന്ത്യയിലേക്ക് വരുന്നതെന്നാണ് വിവരം

ദില്ലി: ഇന്ത്യയിൽ വാഹനം നിർമ്മിക്കാൻ ഫോർഡ് തിരിച്ചുവരുന്നു. ഇക്കുറി ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിനാണ് കയറ്റുമതി ലക്ഷ്യം മുൻനിർത്തി കമ്പനി ഇന്ത്യയിലേക്ക് വരുന്നതെന്നാണ് വിവരം. ആഭ്യന്തര വിപണിയിലും ഇലക്ട്രിക് വാഹനങ്ങൾ ഫോർഡ് വിൽക്കും. ഇന്ത്യയിൽ കാർ നിർമ്മാണവും വിൽപ്പനയും നിർത്തി മാസങ്ങൾക്ക് ശേഷമാണ് കമ്പനി ഇക്കാര്യത്തിൽ തീരുമാനം മാറ്റുന്നത്.

രാജ്യത്ത് നിന്നുള്ള കാർ നിർമ്മാണവും വിപണനവും ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫോർഡ് ഇന്ത്യയിൽ നിന്ന് പിൻവാങ്ങിയത്. ഇത് പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ മെയ്ക് ഇൻ ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു. രാജ്യത്ത് രണ്ട് പ്ലാന്റുകളാണ് ഫോർഡിനുള്ളത്. ഇതിലൊരെണ്ണം കയറ്റുമതി ലക്ഷ്യം മുൻനിർത്തി ഇലക്ട്രിക് വാഹന നിർമ്മാണത്തിനായി ഉപയോഗിക്കുന്ന കാര്യം ആലോചിക്കുന്നതായാണ് കമ്പനി വ്യക്തമാക്കിയത്.

ആഭ്യന്തര വിപണിയിൽ ഇലക്ട്രിക് വാഹനം വിൽക്കാൻ ആലോചിക്കുന്നുണ്ടോയെന്ന ചോദ്യത്തോട് വ്യക്തമായി കമ്പനി വക്താവ് പ്രതികരിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ ഇക്കാര്യം ആലോചിക്കില്ലെന്ന് പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞത്, ആഭ്യന്തര വിപണിയിൽ ഇലക്ട്രിക് വാഹന വിൽപ്പനയ്ക്കുള്ള സാധ്യതകൾ തുറക്കുന്നു.

ആഗോള ഇലക്ട്രിക് വാഹന വിപ്ലവത്തിൽ നിന്ന് ലാഭമുണ്ടാക്കുകയാണ് ഫോർഡിന്റെ ലക്ഷ്യം. 30 ബില്യൺ ഡോളർ ഇലക്ട്രിക് വാഹന - ബാറ്ററി നിർമ്മാണത്തിനായി 2030 നുള്ളിൽ നിക്ഷേപിക്കുമെന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. രാജ്യത്ത് വാഹന ഉൽപ്പാദനം നിർത്തുമ്പോൾ കമ്പനിക്ക് വിപണി വിഹിതത്തിൽ രണ്ട് ശതമാനം മാത്രമാണുണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ടോളം ലാഭമുണ്ടാക്കാൻ കഠിനാധ്വാനം ചെയ്ത ശേഷവും ഇതായിരുന്നു അവശേഷിച്ചത്. പുതിയ നീക്കത്തിലൂടെ ഇന്ത്യൻ വിപണിയിലേക്ക് ഫോർഡിന്റെ രണ്ടാം വരവിനുള്ള വാതിലാണ് തുറക്കപ്പെടുന്നത്. 

PREV
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം