
മുംബൈ: ബജാജ് ഗ്രൂപ്പിന്റെ മുൻ ചെയർമാനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. പുണെയിലെ റൂബി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ബജാജ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് രാഹുല്‍ ബജാജ്. 2006 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രാജ്യസഭാംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണത്തിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ തുടങ്ങിയവരും അനുശോചനമറിയിച്ചു.
സാമ്പത്തിക സേവന രംഗത്തെ പ്രധാനിയായ ബജാജ് ഫിൻസെർവ്, വാഹന നിർമാണ രംഗത്തെ പ്രധാനികളായ ബജാജ് ഓട്ടോ എന്നിവയടക്കമുള്ള ബജാജ് ഗ്രൂപ്പിനെ മുൻപ് നയിച്ചത് ഇദ്ദേഹമായിരുന്നു. 2021 ഏപ്രിലിലാണ് ഇദ്ദേഹം സ്ഥാനമൊഴിഞ്ഞത്. രാജീവ് ബജാജ്, സഞ്ജീവ് ബജാജ്, സുനൈന കെജ്രിവാൾ എന്നിവരാണ് മക്കൾ. ഞായറാഴ്ചയാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മരണം സ്ഥിരീകരിച്ചത്.
മുത്തച്ഛനായ ജമ്നാലാല്‍ ബജാജ് തുടങ്ങിയ ബജാജ് ഗ്രൂപ്പിനെ രാജ്യാന്തര തലത്തിലേക്ക് ഉയര്‍ത്തിയ ക്രാന്ത ദര്‍ശിയായിരുന്നു രാഹുല്‍ ബജാജ്. ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ രാജാക്കന്മാരായി ബജാജിന്‍റെ മോഡലുകള്‍ വളര്‍ന്നത് രാഹുല്‍ ബജാജിന്‍റെ നേതൃത്വത്തിലായിരുന്നു. 1972 ല്‍ ബജാജ് ഗ്രൂപ്പിന്‍റെ സാരഥ്യം ഏറ്റെടുത്ത രാഹുല്‍ ബജാജ് പടിപടിയാണ് ബജാജ് സ്കൂട്ടറിന്‍റെ വിപണി ഇന്ത്യയിൽ വളര്‍ത്തിയെടുത്തത്. രാജ്യത്തിന്‍റെ സ്വന്തം ഉത്പന്നമെന്ന പ്രതിഛായ വളര്‍ത്തിയ ഹമാരാ ബജാജ് പരസ്യ തന്ത്രത്തിലൂടെ ജാപ്പനീസ് കമ്പനികളുടെ ഇരുചക്ര വാഹന മോഡലുകള്‍ ഇന്‍ഡ്യന്‍ വിപണിയില്‍ കരുത്തു നേടുന്നതിനെ പ്രതിരോധിക്കാനും രാഹുല്‍ ബജാജിന് കഴിഞ്ഞിരുന്നു.
ബജാജ് ചേതക് മുതല്‍ പള്‍സര്‍ വരെയുള്ള വിപണി വിജയം നേടിയ ബജാജ് മോഡലുകളുടെ പിന്നിലും രാഹുല്‍ ബജാജായിരുന്നു. 2008 ല്‍ കമ്പനിയെ ബജാജ് ഓട്ടോ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സേര്‍വ് എന്നീ മുന്നൂ സ്ഥാപനങ്ങളായി വിഭജിച്ചു. ബിസിനസ് നയിക്കാനുള്ള ചുമതലയിൽ നിന്ന് ഒഴിഞ്ഞ അദ്ദേഹം 2021 ലാണ് സജീവ ബിസിനസ് രംഗത്ത് നിന്നും പിന്മാറിയത്.
മഹാരാഷ്ട്രയില്‍ നിന്നും 2005 ല്‍ രാജ്യസഭാംഗമായ രാഹുൽ ബജാജ് ദീര്‍ഘനാള്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യൻ ഇന്‍സ്ട്രീസിന്‍റെ അധ്യക്ഷനുമായിരുന്നു. വ്യവസായിയായിരിക്കെ ആരേയും ഭയക്കാതെ രാഷ്ട്രീയ നിലപാടുകള്‍ പരസ്യപ്പെടുത്തുന്നതില്‍ അദ്ദേഹം തെല്ലും മടി കാട്ടിയിരുന്നില്ല. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് ലൈസന്‍സ് രാജിനെതിരെ പരസ്യ നിലപാട് എടുത്ത അദ്ദേഹം, ജയിലില്‍ പോകാന്‍ തനിക്ക് മടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്നത്തെ അദ്ദേഹത്തിന്റെ നിലപാടുകള്‍ വ്യവസായ മേഖലയില്‍ വലിയ കോളിളക്കമാണുണ്ടാക്കിയത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ആളുകള്‍ ഭയക്കുന്ന അന്തരീക്ഷമാണ് രാജ്യത്തേതെന്ന് രണ്ടു വര്‍ഷം മുൻപ് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ രാഹുല്‍ ബജാജ് പറഞ്ഞതും വിവാദമായിരുന്നു. 14 ബില്യണ്‍ ഡോളറിന്‍റെ സ്വത്തുള്ള രാഹുല്‍ ബജാജ് കുടുംബം രാജ്യത്തെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയില്‍ 13ാം സ്ഥാനത്താണ്.