ദേശീയത പറഞ്ഞ് തട്ടിപ്പിനെ മറച്ചുവെക്കാൻ കഴിയില്ല; അദാനി ഗ്രൂപ്പിന്റെ പ്രതികരണത്തിൽ തിരിച്ചടിച്ച് ഹിൻഡൻബർഗ്

By Web TeamFirst Published Jan 30, 2023, 12:48 PM IST
Highlights

 'ദേശീയത പറഞ്ഞ് തട്ടിപ്പിനെ മറച്ചുപിടിക്കുന്ന അദാനി ഗ്രൂപ്പാണ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നത്. രാജ്യത്തെ കൊള്ളയടിക്കുകയാണ്', അദാനിക്ക് മറുപടിയുമായി ഹിൻഡൻബർഗ്. 
 

ദില്ലി: ഹിൻഡൻബർഗിന്റെ റിപ്പോർട്ട് ഇന്ത്യയ്ക്ക് എതിരായുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമെന്ന് അദാനി ഗ്രൂപ്പിന്റെ ആരോപണത്തിനെതിരെ മറുപടിയുമായി ഹിൻഡൻബർഗ്. ദേശീയതയുടെ മറവിൽ തട്ടിപ്പ് ഒരിക്കലും മറച്ച് വെക്കാൻ സാധിക്കില്ലെന്ന് ഹിൻഡൻബർഗ് തിരിച്ചടിച്ചു. ഹിൻഡൻബർഗ് ജനുവരി 24 ന് പുറത്തിറക്കിയ റിപ്പോർട്ടിന് അദാനി ഗ്രൂപ്പ് ഇന്നലെയാണ് 413 പേജുള്ള മറുപടി നൽകിയത്. 

ഇന്ത്യ ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യവും വളർന്നു വരുന്ന മഹാശക്തിയുമാണെന്ന് വിശ്വസിക്കുന്നതായും ദേശീയത പറഞ്ഞ് തട്ടിപ്പിനെ മറച്ചുപിടിക്കുന്ന അദാനി ഗ്രൂപ്പാണ് ഇന്ത്യയുടെ ഭാവിയെ പിന്നോട്ടടിക്കുന്നതെന്നും ഹിൻഡൻബർഗ് ആരോപിച്ചു. വ്യവസ്ഥാപിതമായി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും ഹിൻഡൻബർഗിന്റെ മറുപടിയിൽ പറയുന്നു. 

യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് സാമ്പത്തിക നേട്ടത്തിനായി മാത്രമാണ് അദാനി ഗ്രൂപ്പിനെതിരെ നുണ പ്രചാരണങ്ങൾ നടത്തുന്നതെന്നും. റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്നും അദാനി ഗ്രൂപ്പ് മറുപടിയിൽ പറയുന്നു. ഹിൻഡൻബർഗ്  ഉന്നയിച്ച 88 ചോദ്യങ്ങളിൽ 65 എന്നതിന് മാത്രമേ അദാനി ഗ്രൂപ്പ് വ്യക്തമായ മറുപടി നൽകിയിട്ടുള്ളൂ. അദാനി ഗ്രൂപ്പിന് എതിരെയുള്ള ആക്രമണമല്ല, മറിച്ച് ഇന്ത്യക്കും ഇന്ത്യൻ വിപണിക്കും നേരെയുള്ള കണക്കുകൂട്ടിയുള്ള ആക്രമണമാണ് എന്നാണ് അദാനി ഗ്രൂപ്പ് അവരുടെ 413 പേജുള്ള വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കിത്. 


അദാനി എന്റര്‍പ്രൈസസിന്റെ ഫോളോഓണ്‍ പബ്ലിക് ഓഫര്‍ ആരംഭിക്കുന്ന  സമയം തന്നെ ഇത്തരമൊരു റിപ്പോര്‍ട്ട് കൊണ്ടുവന്നതിലെ ദുരുദ്ദേശ്യം വ്യക്തമാണെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. ഓഹരി മൂല്യം ഉയർത്തി കാണിക്കുന്നതിലൂടെ അദാനി ഗ്രൂപ്പ് തട്ടിപ്പ് നടത്തുകയാണെന്ന് കാണിച്ച് ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിനു ശേഷം അദാനി ഓഹരികൾ 48 ബില്യൺ ഡോളറിന്റെ നഷ്ടം നേരിട്ടു.  
 

click me!