ബാങ്കുകൾക്ക് മുൻപിൽ നീണ്ട ക്യൂ; പഴയ നോട്ടുകൾ മാറ്റാനുള്ള സമയപരിധി നീട്ടി നൈജീരിയ

By Web TeamFirst Published Jan 30, 2023, 11:49 AM IST
Highlights

പഴയ നോട്ടുകൾ പിൻവലിച്ച് വിപണിയിൽ പുതിയ നോട്ടുകൾ എത്തിക്കാനുള്ള സമയം ആറഴ്ച മതിയാകില്ലെന്ന് വിമർശനം. ബാങ്കുകൾക്ക് മുൻപിൽ നീണ്ട ക്യൂ. പഴയ നോട്ടുകൾ മാറ്റാനുള്ള സമയപരിധി നീട്ടി സെൻട്രൽ ബാങ്ക്
 

ദില്ലി: നൈജീരിയയിലെ സെൻട്രൽ ബാങ്ക് (സിബിഎൻ) പഴയ നൈറ കറൻസി നോട്ടുകൾ മാറ്റാനുള്ള സമയ പരിധി നീട്ടി. 10 ദിവസം കൂടിയാണ് നീട്ടി നൽകിയിരിക്കുന്നത്. നൈജീരിയക്കാർക്ക് ഇപ്പോൾ ഫെബ്രുവരി 10 വരെ 1,000, 500, 200 നൈറ നോട്ടുകൾ പുതുക്കാം. സമയപരിധി നീട്ടിയത് ഗ്രാമീണ മേഖലയിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമാകുമെന്ന് സിബിഎൻ ഗവർണർ ഗോഡ്‌വിൻ എമിഫീലെ  പറഞ്ഞു.

നൈജീരിയയിലെ സെൻട്രൽ ബാങ്ക് കഴിഞ്ഞ മാസം പുതുതായി രൂപകല്പന ചെയ്ത നോട്ടുകൾ പുറത്തിറക്കാൻ തുടങ്ങിയെങ്കിലും ബാങ്കുകളിലോ മെഷീനുകളിലോ അവ ലഭ്യമല്ലെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. നാളെയായിരുന്നു നോട്ടുകൾ മാറ്റി നല്കേണ്ട അവസാന ദിനം. എന്നാൽ സമയപരിധി പാലിക്കാൻ പൗരന്മാർക്ക് സാധിക്കുന്നില്ലെന്ന് കണ്ടാണ് സിബിഎൻ സമയ പരിധി നീട്ടിയത്. പല ബാങ്കുകളിലും നീണ്ട ക്യൂ കുറയ്ക്കാൻ ഇത് സഹായകമായേക്കും. ഫെബ്രുവരി 10 വരെയാണ് സിബിഎൻ സമയം നൽകിയിരിക്കുന്നത്. 

അതേസമയം, നൈജീരിയയിലെ നൈറ നോട്ടുകളുടെ പുനർരൂപകൽപ്പനയെ വിദഗ്ധർ വിമർശിച്ചു. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് പഴയ കറൻസി ഘട്ടം ഘട്ടമായി നിർത്താനുള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കാമായിരുന്നു എന്നും ഇതിന് ആറാഴ്ച മതിയായ സമയമല്ലെന്ന് ആരോപിക്കുകയും ചെയ്തു. പുതിയ നോട്ടുകൾ വേണ്ടത്ര പ്രചാരത്തിലില്ല എന്നും ആളുകൾക്ക് ബാങ്കുകളിൽ നിന്ന് അവ പിൻവലിക്കാൻ കഴിയുന്നില്ല എന്നും  പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നോട്ടുകൾ മാറ്റിയത് രാജ്യത്ത് നിലവിലുള്ള പണത്തെ കുറിച്ച് വ്യക്തമായ ധാരണ നല്കാൻ സഹായകമാകുമെന്നും ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ നൈജീരിയക്കാരെ പ്രോത്സാഹിപ്പിക്കുമെന്നും സിബിഎൻ വ്യക്തമാക്കി. രാജ്യത്ത് ആഴ്ചകൾക്കുള്ളിൽ പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെയാണ്‌ കറൻസി മാറ്റം എന്നതും ശ്രദ്ധേയമാണ്. 

click me!