സൗജന്യ കൊവിഡ് വാക്സിൻ, കാരുണ്യ @ ഹോം, കാൻസർ മരുന്ന്; ആരോഗ്യമേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയ ബജറ്റ്

By Web TeamFirst Published Jan 15, 2021, 2:42 PM IST
Highlights

കാരുണ്യ പദ്ധതി വഴി വയോജനങ്ങൾക്ക് വീട്ടില്‍ മരുന്നെത്തിക്കുന്ന കാരുണ്യ അറ്റ് ഹോം പദ്ധതിയാണ് ഏറ്റവും ശ്രദ്ധേയമായത്. 

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഒപ്പം ആരോഗ്യമേഖലയ്ക്കും പ്രത്യേക പരിഗണന. കൊവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിക്കാൻ കഴിഞ്ഞ ആരോഗ്യവകുപ്പിനെയും കൊവിഡ് പോരാളികളെയും പ്രശംസിച്ച ധനമന്ത്രി തോമസ് ആരോഗ്യമേഖലക്ക് പ്രത്യേക ഊന്നല്‍ നല്‍കിയ ബജറ്റാണ് അവതരിപ്പിച്ചത്.  

2021-22 ല്‍ ആരോഗ്യ മേഖലയുടെ പദ്ധതി ബജറ്റ് 2341 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ ദേശീയ ആരോഗ്യ മിഷനില്‍ നിന്നുള്ള 811 കോടി രൂപയും ഉണ്ട്. കാരുണ്യ പദ്ധതി വഴി വയോജനങ്ങൾക്ക് വീട്ടില്‍ മരുന്നെത്തിക്കുന്ന കാരുണ്യ @ ഹോം പദ്ധതിയാണ് ഏറ്റവും ശ്രദ്ധേയമായത്. പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയില്‍ അംഗമല്ലാത്തവര്‍ക്ക് കാരുണ്യ ബനവലസന്‍റ് ഫണ്ട് വഴിയുള്ള ചികില്‍സ സഹായം സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസി വഴി തുടരും. റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിൽസയും ഹെല്‍ത്ത് ഏജൻസി വഴി നടപ്പാക്കും. 

അര്‍ബുദ രോഗികള്‍ക്ക് ആശ്വാസകരമായി കെഎസ്ഡിപിയിൽ ക്യാൻസര്‍ മരുന്ന് നിര്‍മാണത്തിന് പ്രത്യേക പ്ലാന്‍റ് തുടങ്ങും. 150 കോടി രൂപയാണ് ഇതിലേക്ക് വകയിരുത്തിയത്. അവയവമാറ്റ ശസ്ത്രക്രിയ രോഗികള്‍ക്ക് ആറിനം മരുന്നുകള്‍ 40 രൂപ നിരക്കില്‍ നല്‍കും. വയോജനങ്ങൾക്ക് വീട്ടില്‍ മരുന്നെത്തിച്ച് നല്‍കുമ്പോൾ മരുന്ന് വിലയില്‍ ഒരു ശതമാനം അധിക ഇളവും നല്‍കും. 

ആര്‍സിസിക്ക് 71 കോടി രൂപയും മലബര്‍ കാൻസര്‍ സെന്‍ററിന് 25 കോടി രൂപയും അനുവദിച്ചു. കൊച്ചി കാൻസര്‍ സെൻറര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. പാരിപ്പള്ളി മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ നഴ്സിങ് കോളേജുകള്‍ തുടങ്ങം. കിഫ്ബി വഴി മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് 420 കോടി രൂപയും ദന്തല്‍ കോളജുകൾക്ക് 20 കോടി രൂപയും മാറ്റിവച്ചു. 78 കോടി രൂപ ആയുര്‍വേദ മേഖലക്ക് അനുവദിച്ചപ്പോൾ ഹോമിയോപ്പതി മേഖലയ്ക്ക് 32 കോടി രൂപയാണ് മാറ്റിവച്ചത്. കൊവിഡ് പ്രതിരോധത്തിൽ ഉൾപ്പെടെ പ്രവര്‍ത്തിച്ച ആശാ പ്രവര്‍ത്തകരുടെ അലവൻസ് 1000 രൂപ കൂട്ടി. 

click me!