ബിസ്ലേരിക്ക് തിരിച്ചടി! നടത്തിയ രണ്ട് പരിശോധനകളിലും പരാജയപ്പെട്ടു; പ്രോസിക്യൂഷന് അനുമതി

Published : Nov 23, 2026, 11:39 AM IST
Bisleri

Synopsis

ബിസ്ലേരി ഇന്റര്‍നാഷനലില്‍നിന്ന് ശേഖരിച്ച കുപ്പിവെള്ള സാംപിള്‍ എഫ്എസ്എസ്എഐ നടത്തിയ രണ്ട് ലാബ് പരിശോധനകളിലും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി അനുമതി നല്‍കി. ഏത് ബാച്ചിലെ വെള്ളമാണ് പരാജയപ്പെട്ടതെന്ന് എഫ്എസ്എസ്എഐ വെളിപ്പെടുത്തിയിട്ടില്ല.

ബിസ്ലേരി ഇന്റര്‍നാഷനലില്‍നിന്ന് ശേഖരിച്ച കുപ്പിവെള്ള സാംപിള്‍ രണ്ട് ലാബ് പരിശോധനകളിലും പരാജയപ്പെട്ടു. ഇതേത്തുടര്‍ന്ന് ബിസ്ലേരി ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയതായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. 2006ലെ ഭക്ഷ്യസുരക്ഷാ, ഗുണനിലവാര നിയമപ്രകാരമാണ് നടപടി.

ആദ്യ പരിശോധനയില്‍ ബ്രോമേറ്റ്; അപ്പീലിനു പിന്നാലെ വീണ്ടും പരിശോധന

പതിവ് ഗുണനിലവാര പരിശോധനയുടെ ഭാഗമായി എഫ്എസ്എസ്എഐ ഉദ്യോഗസ്ഥര്‍ ബിസ്ലേരി ഇന്റര്‍നാഷണലില്‍ നിന്ന് നേരിട്ടാണ് സാംപിള്‍ ശേഖരിച്ചത്. ആദ്യ ലാബ് പരിശോധനയില്‍ ബ്രോമേറ്റിന്റെ അളവ് അനുവദനീയ പരിധിക്കു മുകളിലാണെന്ന് കണ്ടെത്തി. ഇതോടെ സാംപിള്‍ സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അതോറിറ്റി വിലയിരുത്തി.വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ഓസോണ്‍, വെള്ളത്തില്‍ സ്വാഭാവികമായി കാണപ്പെടുന്ന ബ്രോമൈഡുമായി ചേരുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തുവാണ് ബ്രോമേറ്റ്. ഇന്ത്യയില്‍ ഒരു ലീറ്റര്‍ കുടിവെള്ളത്തില്‍ അനുവദനീയമായ പരമാവധി ബ്രോമേറ്റ് അളവ് 0.01 മില്ലിഗ്രാം ആണ്.

ആദ്യ ലാബ് റിപ്പോര്‍ട്ടിനെതിരെ ബിസ്ലേരി നിയമപ്രകാരം അപ്പീല്‍ നല്‍കി. തുടര്‍ന്ന് സ്വതന്ത്രമായ രണ്ടാം പരിശോധനയ്ക്കായി എഫ്എസ്എസ്എഐ സാംപിള്‍ റഫറല്‍ ഫുഡ് ലബോറട്ടറിയിലേക്ക് അയച്ചു. രണ്ടാം പരിശോധനയിലും സാംപിള്‍ സുരക്ഷിതമല്ലെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഇത്തവണ കണ്ടെത്തിയത് ബ്രോമേറ്റ് ആയിരുന്നില്ല. പോളിന്യൂക്ലിയര്‍ അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (പിഎഎച്ച്) എന്നറിയപ്പെടുന്നഘടകങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയത്. സുരക്ഷിത പരിധിക്കു മുകളിലായാല്‍ ഇവ ദോഷകരമാകാം.സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിയമലംഘനം ലാബ് പരിശോധനകളില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കിയതെന്ന് എഫ്എസ്എസ്എഐ ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.

ഏത് ബാച്ച്? വിവരം പുറത്തുവിട്ടിട്ടില്ല

പരിശോധനയില്‍ പരാജയപ്പെട്ട സാംപിള്‍ ബിസ്ലേരിയുടെ ഏത് ഉല്‍പന്ന വകഭേദത്തില്‍പ്പെട്ടതാണെന്നോ ഏത് നിര്‍മാണശാലയിലേതാണെന്നോ എഫ്എസ്എസ്എഐ വെളിപ്പെടുത്തിയിട്ടില്ല. ബാച്ച് നമ്പറും പുറത്തുവിട്ടിട്ടില്ല. രാജ്യവ്യാപകമായി ഉല്‍പന്നം തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടിട്ടില്ല. പ്രോസിക്യൂഷന് അനുമതി നല്‍കിയെങ്കിലും ഈ ഘട്ടത്തില്‍ കമ്പനി കുറ്റക്കാരാണെന്ന് കോടതി വിധിച്ചിട്ടില്ല. ഇന്ത്യയിലും അയല്‍രാജ്യങ്ങളിലുമായി 140 നിര്‍മാണശാലകളും 5,080 വിതരണക്കാരും 8,270 വിതരണ ട്രക്കുകളുമാണ് കമ്പനിക്കുള്ളത്.

PREV
Read more Articles on
click me!

Recommended Stories

യുകെയില്‍ നിന്നുള്ള സ്‌കോച്ച് കണ്ടയ്‌നറുകള്‍ തടഞ്ഞ് കസ്റ്റംസ്; സ്‌കോച്ച് ഇറക്കുമതിക്ക് 150% തീരുവ വേണമെന്ന് ആവശ്യം
പറന്നു കയറി 'രൂപ', കുത്തനെ ഇടിഞ്ഞ് സ്വർണവും വെള്ളിയും; ഇനിയെന്ത്?