
ദില്ലി: അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു. ഡോളറിനെതിരെ ഏഴ് മാസത്തെ ഉയർന്ന നിരക്കായ 92.99 എന്ന നിലവാരത്തിലെത്തി. ഏപ്രിൽ 20ന് ശേഷം ആദ്യമായാണ് രൂപ 93 ന് താഴേക്കെത്തുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില കുറഞ്ഞതും വിദേശ നിക്ഷേപം കൂടിയതും നേട്ടമായി. ഓഹരി വിപണിയിലും മുന്നേറ്റം.അതേ സമയം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കനത്ത ഇടിവ് തുടരുകയാണ്. 2025 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിന് സമീപമാണ് വിലകള്‍. യുഎസ് ഡോളറിന്റെ കരുത്ത്, കടപ്പത്രങ്ങളില്‍നിന്നുള്ള ഉയര്‍ന്ന വരുമാനം, പണപ്പെരുപ്പ സമ്മര്‍ദം, യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പണനയം കൂടുതല്‍ കര്‍ശനമാക്കിയേക്കുമെന്ന വിലയിരുത്തല്‍ എന്നിവയാണ് സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കുന്നത്.
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) ഡിസംബര്‍ 4ന് ഡെലിവറിയുള്ള സ്വര്‍ണത്തിന്റെ ഫ്യൂച്ചേഴ്‌സ് വില മുന്‍ ദിവസത്തെ ക്ലോസിങ് നിരക്കിനെക്കാള്‍ 3.94 ശതമാനം താഴ്ന്ന്, 10 ഗ്രാമിന് 1,22,430 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ 9.01ലെ കണക്കനുസരിച്ച് വെള്ളിവില 5.73 ശതമാനം ഇടിഞ്ഞ് കിലോഗ്രാമിന് 1,48,466 രൂപയായി. കഴിഞ്ഞ ദിവസത്തെ വ്യാപാരം അവസാനിക്കുമ്പോള്‍ എംസിഎക്‌സ് സ്‌പോട്ട് വിപണിയില്‍ സ്വര്‍ണവില 10 ഗ്രാമിന് 1,29,380 രൂപയും വെള്ളിവില കിലോഗ്രാമിന് 1,61,166 രൂപയുമായിരുന്നു.
രാജ്യാന്തര സ്‌പോട്ട് വിപണിയില്‍ ഔണ്‍സിന് 3,634 ഡോളറായിരുന്നു സ്വര്‍ണവില. എന്നാല്‍, വൈകാതെ വില 2.60 ശതമാനം താഴ്ന്ന് 3,531 ഡോളറിലേക്കെത്തി. ഈ ആഴ്ചയില്‍ സ്വര്‍ണവില ഏകദേശം 10 ശതമാനം ഇടിവ് രേഖപ്പെടുത്തുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.വെള്ളിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ആദ്യഘട്ടത്തില്‍ ഔണ്‍സിന് 43 ഡോളറിലായിരുന്ന വെള്ളിവില , പിന്നീട് 41 ഡോളറിന് തൊട്ടുമുകളിലേക്ക് താഴ്ന്നു. മുന്‍ ദിവസത്തെ ക്ലോസിങ് നിരക്കിനെക്കാള്‍ 3.75 ശതമാനമാണ് ഇടിവ്. ഈ ആഴ്ച മാത്രം 9 ശതമാനത്തോളം ഇടിവാണ് പ്രതീക്ഷിക്കുന്നത്.
വിപണിയുടെ തുടര്‍ന്നുള്ള ദിശ നിര്‍ണയിക്കുന്നതില്‍ ഫെഡറല്‍ റിസര്‍വിന്റെ ഡിസംബര്‍ മാസത്തിലെ യോഗതീരുമാനങ്ങള്‍ നിര്‍ണായകമാകും. പണപ്പെരുപ്പത്തെക്കുറിച്ചുള്ള ഫെഡിന്റെ വിലയിരുത്തലും പലിശനിരക്കുകളുടെ ഭാവിയെക്കുറിച്ചുള്ള സൂചനകളുമാണ് വിപണി ഉറ്റുനോക്കുന്നത്.യുഎസ് ഡോളറിന്റെ നീക്കങ്ങളും ഫെഡിന്റെ നയസമീപനവും വിലയെ സ്വാധീനിക്കും. നിലവില്‍ വിപണിയില്‍ കാര്യമായ ഉണര്‍വിനുള്ള സാഹചര്യമില്ലെന്നും വിലയില്‍ വലിയ കയറ്റിറക്കങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.