മദ്യകമ്പനികളെ വിടാതെ ഭക്ഷ്യസുരക്ഷാ അതോറിറ്റി; ബ്ലെന്‍ഡേഴ്‌സ് പ്രൈഡും റോയല്‍ സ്റ്റാഗും നിരീക്ഷണത്തില്‍

Published : Aug 20, 2026, 04:33 PM IST
Liquor

Synopsis

ആഗോള മദ്യ നിര്‍മ്മാണ കമ്പനിയായ പെര്‍നോഡ് റിക്കാര്‍ഡിന്റെ ബെംഗളൂരുവിലെ പ്ലാന്റില്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി (FSSAI). 'ബ്ലെന്‍ഡേഴ്‌സ് പ്രൈഡ്', 'റോയല്‍ സ്റ്റാഗ്' തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ സാമ്പിളുകള്‍ ശേഖരിച്ച ഉദ്യോഗസ്ഥർ, ശുചിത്വം മെച്ചപ്പെടുത്താനും നിർദ്ദേശിച്ചു.

ആഗോള മദ്യ നിര്‍മ്മാണ കമ്പനിയായ പെര്‍നോഡ് റിക്കാര്‍ഡിന്റെ ബെംഗളൂരുവിലെ പ്ലാന്റില്‍ എഫ്.എസ്.എസ്.എ.ഐ പരിശോധന. മദ്യ ബ്രാന്‍ഡുകളായ 'ബ്ലെന്‍ഡേഴ്‌സ് പ്രൈഡ്', 'റോയല്‍ സ്റ്റാഗ്' എന്നിവയുടെ സാമ്പിളുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. രാജ്യത്തെ 40 ബില്യണ്‍ ഡോളറിന്റെ മദ്യ വ്യവസായത്തിന് മേല്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പരിശോധന 2 ദിവസം; ശുചിത്വം പാലിക്കാനും നിര്‍ദ്ദേശം

രണ്ട് ദിവസം നീണ്ടുനിന്ന പരിശോധനയില്‍ മദ്യ സാമ്പിളുകള്‍ ശേഖരിച്ചതിന് പുറമെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന രേഖകളും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഫാക്ടറിയിലെ ശുചിത്വം മെച്ചപ്പെടുത്താനും, കുപ്പികളില്‍ ഉപയോഗിച്ചിരിക്കുന്ന റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കുമായി ബന്ധപ്പെട്ട അടയാളപ്പെടുത്തലുകള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്താനും പെര്‍നോഡിനോട് എഫ്.എസ്.എസ്.എ.ഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം, പരിശോധനയ്ക്ക് ശേഷം പെര്‍നോഡ് റിക്കാര്‍ഡിനെതിരെ കുറ്റകരമായ കണ്ടെത്തലുകളോ നടപടികളോ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. എഫ്.എസ്.എസ്.എ.ഐയുടെ സന്ദര്‍ശനം സ്ഥിരീകരിച്ച കമ്പനി, നിയമപരമായ പരിശോധനകള്‍ വ്യവസായ മേഖലയില്‍ സാധാരണയാണെന്നും ഉയര്‍ന്ന നിലവാരവും സുരക്ഷയും ഉറപ്പാക്കാന്‍ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

പ്രമുഖ ബ്രാന്‍ഡുകളുടെ സാമ്പിളുകള്‍ ശേഖരിച്ചു

വിസ്‌കി ബ്രാന്‍ഡുകളായ ബ്ലെന്‍ഡേഴ്‌സ് പ്രൈഡ്, റോയല്‍ സ്റ്റാഗ് എന്നിവയുടെ സാമ്പിളുകളാണ് പ്രധാനമായും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എടുത്തത്. ഇന്ത്യയിലെ തങ്ങളുടെ പ്രധാന പ്രീമിയം വിസ്‌കിയായാണ് ബ്ലെന്‍ഡേഴ്‌സ് പ്രൈഡിനെ കമ്പനി വിശേഷിപ്പിക്കുന്നത്. കൃത്രിമ രുചികള്‍ ചേര്‍ക്കാത്ത ആദ്യ വിസ്‌കിയായാണ് റോയല്‍ സ്റ്റാഗ് വിപണിയിലെത്തുന്നത്.

മദ്യ വിപണിയില്‍ പരിശോധന കടുപ്പിച്ച് എഫ്.എസ്.എസ്.എ.ഐ

രാജ്യത്തെ മദ്യ നിര്‍മ്മാണ മേഖലയില്‍ പരിശോധനയും നടപടികളും കര്‍ശനമാക്കുന്നതിനിടയിലാണ് പുതിയ സംഭവം.അനുമതിയില്ലാതെ കൃത്രിമ ഫ്‌ലേവറുകള്‍ ചേര്‍ത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റൊരു പ്രമുഖ കമ്പനിയായ ഡിയാജിയോയുടെയും മറ്റ് ചില കമ്പനികളുടെയും വിസ്‌കി, റം ബ്രാന്‍ഡുകള്‍ക്ക് അടുത്തിടെ എഫ്.എസ്.എസ്.എ.ഐ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

അടിപതറി അമേരിക്ക! സാമ്പത്തിക പ്രതിസന്ധി, ചരിത്രത്തിലാദ്യമായി ദേശീയ കടം 40 ട്രില്യണ്‍ ഡോളര്‍ കടന്നു
ഭാര്യയും ഭർത്താവും ജോയിന്റ് ഓണർഷിപ്പിൽ വീട് വാങ്ങുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ