
ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും ജോലി ചെയ്യുന്നവരാണെങ്കിൽ രണ്ടാളുടേയും പേരിൽ ജോയിന്റ് ഓണർഷിപ്പിൽ വീട് വാങ്ങുന്നത് ഇന്ത്യയിൽ വളരെ സാധാരണമാണ്. ഇത് വായ്പാ ലഭ്യത കൂട്ടാനും നികുതി ഇളവുകൾ നേടാനും സഹായിക്കുമെങ്കിലും, വെറുമൊരു സാമ്പത്തിക ലാഭം മാത്രം മുന്നിൽ കണ്ട് ഈ തീരുമാനത്തിലേക്ക് പോകുന്നത് ചിലപ്പോൾ തിരിച്ചടിയായേക്കാം. വസ്തുവിന്റെ ഉടമസ്ഥാവകാശം, തിരിച്ചടവ്, ഭാവിയിലെ പ്ലാനുകൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയോടെ വേണം പ്രമാണങ്ങളിൽ ഒപ്പുവെക്കാൻ. ഒരുമിച്ച് വീട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
രണ്ടുപേരുടെ വരുമാനം ഒരുമിച്ച് കണക്കാക്കുന്നതിലൂടെ ബാങ്കിൽ നിന്ന് കൂടുതൽ തുക ലോണായി ലഭിക്കാൻ സഹായകമാകും. എന്നാൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുക വായ്പയായി എടുക്കുന്നത് ഭാവിയിൽ ഇഎംഐ വലിയ രീതിയിൽ വർധിപ്പിക്കും. അതിനാൽ തിരിച്ചടക്കാനുള്ള സാമ്പത്തിക ശേഷി കൃത്യമായി വിലയിരുത്തണം.
വെറുതെ നികുതി ലാഭിക്കാൻ വേണ്ടി മാത്രം പങ്കാളിയെ കോ- ഓണർ (Co-owner) ആക്കരുത്. പഴയ നികുതി വ്യവസ്ഥയിൽ (Old Tax Regime) സെക്ഷൻ 24(b), 80C എന്നിവ പ്രകാരം ഭവന വായ്പയുടെ പലിശയ്ക്കും മുതലിനും ഇരുവർക്കും നികുതി ഇളവുകൾ ലഭിക്കുമായിരുന്നു. എന്നാൽ സ്വന്തമായി താമസിക്കുന്ന വീടുകൾക്ക് പുതിയ നികുതി വ്യവസ്ഥയിൽ (New Tax Regime) ഇത്തരം ഇളവുകൾ ലഭ്യമല്ല. അതിനാൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന ടാക്സ് രീതി ഏതാണെന്ന് മുൻകൂട്ടി മനസ്സിലാക്കുക.
പങ്കാളികളിൽ ഒരാൾക്ക് ജോലി നഷ്ടപ്പെടുകയോ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയോ ചെയ്താലും ബാങ്കിനെ സംബന്ധിച്ചിടത്തോളം രണ്ടുപേരും വായ്പ തിരിച്ചടക്കാൻ ബാധ്യസ്ഥരാണ്. അതിനാൽ ഇത്തരമൊരു അടിയന്തര സാഹചര്യം വന്നാൽ എങ്ങനെ നേരിടും എന്നതിനെക്കുറിച്ച് മുൻകൂട്ടി സംസാരിച്ച് തീരുമാനമെടുക്കണം.
ഓണർഷിപ്പ് ഷെയർ കൃത്യമായി രേഖപ്പെടുത്തുക
വസ്തു രജിസ്റ്റർ ചെയ്യുമ്പോൾ രണ്ടുപേരുടെയും സാമ്പത്തിക പങ്കാളിത്തം എത്രയാണെന്ന് രേഖകളിൽ വ്യക്തമാക്കണം. രണ്ടുപേരും തുല്യമായാണ് പണം മുടക്കുന്നതെങ്കിൽ 50:50 എന്ന രീതിയിലും, അല്ലാത്തപക്ഷം മുടക്കുന്ന തുകയ്ക്ക് ആനുപാതികമായും ഉടമസ്ഥാവകാശം വീതിക്കാം. ഇൻകം ടാക്സ് റിട്ടേൺ (ITR) ഫയൽ ചെയ്യുമ്പോൾ ഓരോരുത്തർക്കുമുള്ള ഉടമസ്ഥാവകാശത്തിന്റെ ശതമാനം വ്യക്തമാക്കേണ്ടതുണ്ട്.
വേർപിരിയൽ, പങ്കാളിയുടെ അപ്രതീക്ഷിത വിയോഗം അല്ലെങ്കിൽ അവകാശ തർക്കങ്ങൾ എന്നിവ ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾ ഉണ്ടാക്കാം. അതിനാൽ വീടിന്റെ ആധാരം, വായ്പാ രേഖകൾ, നാമനിർദ്ദേശം (Nomination), വിൽപത്രം (Will) എന്നിവ എപ്പോഴും കൃത്യമായി പുതുക്കി സൂക്ഷിക്കുന്നത് കുടുംബത്തിന് പിന്നീട് വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. ബാങ്കോ ബിൽഡറോ നിർദ്ദേശിച്ചു എന്നത് കൊണ്ട് മാത്രം വീട് രണ്ടു പേരുടെയും കൂടി പേരിൽ വാങ്ങാതെ, നിങ്ങളുടെ സാമ്പത്തിക ശേഷിയും ആവശ്യങ്ങളും കൃത്യമായി പഠിച്ച ശേഷം മാത്രം തീരുമാനമെടുക്കുക.