
ഓള്‍ഡ് മോങ്ക്, റോയല്‍ ചലഞ്ച് എന്നിവയുള്‍പ്പെടെയുള്ള വിസ്‌കികളുടെയും റമ്മിന്റെയും വില്‍പനയ്ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ വിപണിയില്‍ തരംഗമായ മിന്റി ജാമുന്‍, മിര്‍ച്ചി മാംഗോ തുടങ്ങിയ ഫ്‌ലേവേര്‍ഡ് വോഡ്കകള്‍ക്കും പിടിവീഴുമോ?
2018-ലെ എഫ്എസ്എസ്എഐ (ആല്‍ക്കഹോളിക് ബിവറേജസ്) നിയമപ്രകാരം ഉരുളക്കിഴങ്ങ്, മരച്ചീനി അല്ലെങ്കില്‍ ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് വാറ്റിയെടുക്കുന്ന ന്യൂട്രല്‍ സ്പിരിറ്റാണ് സാധാരണ വോഡ്ക. എന്നാല്‍ ഈ നിയമത്തില്‍ തന്നെ 'പ്രീമിക്‌സ്/ഫ്‌ലേവേര്‍ഡ് വോഡ്ക' എന്നൊരു പ്രത്യേക വിഭാഗം തന്നെയുണ്ട്. സാധാരണ വോഡ്കയില്‍ അനുവദനീയമായ പ്രകൃതിദത്തമോ കൃത്രിമമോ ആയ ഫ്‌ലേവറുകള്‍, നിറം, മധുരം എന്നിവ ചേര്‍ക്കാന്‍ ഈ നിയമം അനുവദിക്കുന്നുണ്ട്. അതായത്, ഒരു വോഡ്ക ബേസില്‍ വ്യത്യസ്ത ഫ്‌ലേവറുകള്‍ പരീക്ഷിക്കുന്നത് നിയമപരമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.
ഇതൊരു സമ്പൂര്‍ണ്ണ വിലക്കല്ല. ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ഒരു തട്ടിപ്പിനാണ് എഫ്എസ്എസ്എഐ ഇവിടെ തടയിട്ടത്. 'റമ്മിന് റമ്മിന്റെ ഫ്‌ലേവറും', 'വിസ്‌കിക്ക് വിസ്‌കിയുടെ ഫ്‌ലേവറും' കൃത്രിമമായി ചേര്‍ക്കുന്ന പരിപാടിയാണ് പിടിക്കപ്പെട്ടത്. മദ്യത്തില്‍ കാപ്പിയുടെയോ വാനിലയുടെയോ ഫ്‌ലേവര്‍ ചേര്‍ക്കുന്നതില്‍ തെറ്റില്ല, പക്ഷേ റം ആണെന്ന് പറഞ്ഞ് വില്‍ക്കുന്ന ഒന്നില്‍ റമ്മിന്റെ കൃത്രിമ രുചി ചേര്‍ക്കുന്നത് ചായയില്‍ ചായയുടെ ഫ്‌ലേവറും, കാപ്പിയില്‍ കാപ്പിയുടെ ഫ്‌ലേവറും ചേര്‍ക്കുന്നതുപോലെ അസംബന്ധമാണെന്ന് വിദഗ്ധര്‍ പറയുന്നു.
മൊളാസസ്, മാള്‍ട്ട്, മുന്തിരി തുടങ്ങിയവ ഉപയോഗിച്ച് വര്‍ഷങ്ങളോളം പഴക്കമുള്ള മദ്യം തയ്യാറാക്കുന്നതിന് പകരം എളുപ്പത്തില്‍ രുചി വരുത്താനാണ് കമ്പനികള്‍ ഈ കുറുക്കുവഴി സ്വീകരിച്ചത്.
ഉപഭോക്താക്കളെ കബളിപ്പിക്കുന്നതും, സുതാര്യമായി ഫ്‌ലേവറുകള്‍ ചേര്‍ക്കുന്നതും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ പ്രധാനം. മാംഗോ ചില്ലി വോഡ്ക പോലുള്ളവ വിപണിയില്‍ ഇറങ്ങുന്നത് സാധാരണ 'വോഡ്ക' എന്ന ലേബലിലല്ല, മറിച്ച് 'പ്രീമിക്‌സ്/ഫ്‌ലേവേര്‍ഡ് വോഡ്ക' എന്ന വിഭാഗത്തിലാണ്. ഇതില്‍ ചേര്‍ത്തിരിക്കുന്ന ചേരുവകള്‍ എന്തെല്ലാമാണെന്ന് കമ്പനികള്‍ ലൈസന്‍സ് എടുക്കുമ്പോഴും, കുപ്പിക്ക് പുറത്തും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇത് കാരണം നിയമക്കുരുക്കുകള്‍ ഇല്ല.
വിലക്ക് വീണ കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതില്ല. പകരം അവരുടെ ലേബലുകള്‍ മാറ്റി വിപണിയില്‍ ഇറക്കാം. 'റം ഫ്‌ലേവേര്‍ഡ് സ്പിരിറ്റ്' അല്ലെങ്കില്‍ 'വിസ്‌കി ഫ്‌ലേവേര്‍ഡ് സ്പിരിറ്റ്' എന്ന് ലേബല്‍ ചെയ്താല്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ എന്താണ് വാങ്ങുന്നതെന്ന് കൃത്യമായി മനസ്സിലാകും.