Fuel Price : ഞായറാഴ്ചയും അവധിയില്ല; ഇടിത്തീ പോലെ ഇന്ധനവില രാജ്യത്ത് കുതിക്കുന്നു, പെട്രോളിനും ഡീസലിനും കൂടി

Published : Apr 02, 2022, 10:18 PM ISTUpdated : Apr 03, 2022, 07:40 AM IST
Fuel Price : ഞായറാഴ്ചയും അവധിയില്ല; ഇടിത്തീ പോലെ ഇന്ധനവില രാജ്യത്ത് കുതിക്കുന്നു, പെട്രോളിനും ഡീസലിനും  കൂടി

Synopsis

ഒരു ലിറ്റർ ഡീസലിന് 85 പൈസയും പെട്രോൾ ലിറ്ററിന് 87 പൈസയും കൂട്ടി

ദില്ലി: ഇന്ത്യൻ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് ഇന്ധനവില വ‍ർധിക്കുന്നു (Fuel Price Hike). രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില (Fuel Price) വീണ്ടും കൂടി. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായി കുതിക്കുകയാണ്. ഒരു ലിറ്റർ ഡീസലിന് 85 പൈസയും പെട്രോൾ ലിറ്ററിന് 87 പൈസയും കൂട്ടി. 

ഇന്നലെയും രാജ്യത്ത് ഇന്ധനവില വ‍ർധിപ്പിച്ചിരുന്നു. പെട്രോള്‍  ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്നലെ കൂട്ടിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

പെട്രോൾ ഡീസൽ വില കുതിക്കുന്നതിനിടെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില താഴേക്ക്

അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വിലയിൽ ഇപ്പോൾ വൻ കുറവാണുണ്ടാകുന്നത്. മൂന്നു ദിവസത്തിനിടെ  6 ശതമാനം വിലയിടിഞ്ഞു. ബ്രന്റ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്ക് താഴ്ന്നു.  ഈ മാസം ആദ്യം വില 127 ഡോളർ വരെ ഉയർന്നിരുന്നു. അഞ്ചു ദിവസം മുൻപ് ബാരലിന് 117 ഡോളർ ആയിരുന്നു ബ്രെന്റ് ക്രൂഡ് വില. പണപ്പെരുപ്പം പരിഹരിക്കാനായി അമേരിക്ക അവരുടെ കരുതൽ ക്രൂഡ് ശേഖരത്തിൽ നിന്ന് പത്തു ലക്ഷം ബാരൽ എണ്ണ വിപണിയിലേക്ക് എത്തിക്കുമെന്ന വിവരമാണ് വില ഇടിയാൻ കാരണം. ഇന്ത്യയിലെ ക്രൂഡ് ഇറക്കുമതിയുടെ സൂചികയായ ഇന്ത്യൻ ബാക്സ്കറ്റിലും വിലയിടിവ് രേഖപ്പെടുത്തി. 109 ഡോളറാണ് ഇന്ത്യൻ ബാസ്കറ്റിൽ ഇപ്പോൾ ക്രൂഡ് വില. ഈ മാസം ഇത് 126 ഡോളർവരെ ഉയർന്നിരുന്നു.

റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങും: ഉറച്ച നിലപാടുമായി നിർമല സീതാരാമൻ

അതേസമയം കുറഞ്ഞ വിലയ്ക്ക് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആഗോള തലത്തിൽ വില ഉയർന്നിരിക്കെ യുദ്ധത്തിന് മുൻപത്തെ വിലയ്ക്ക് ക്രൂഡ് ഓയിൽ നൽകാമെന്ന വാഗ്ദാനം അംഗീകരിക്കുകയാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇതിനോടകം തന്നെ റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങി തുടങ്ങിയെന്ന് നിർമല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്. യുക്രൈന്‍ വിഷയത്തില്‍  അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിലപാട് കടുപ്പിക്കുന്പോള്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനാണ് റഷ്യയുടെ ശ്രമം. ചൈനയിലെ സന്ദർശനത്തിന് പിന്നാലെ ഇന്ത്യയിലെത്തിയെ റഷ്യന്‍ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്  വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തി. യുക്രൈന്‍ വിഷയത്തില്‍  അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് തള്ളിയ റഷ്യ  ഇന്ത്യയുടെ നയത്തെ അഭിനന്ദിച്ചു.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ